സുകുമാരൻ നായർ വീണ്ടും NSS ജനറൽ സെക്രട്ടറി
ഇന്നലത്തെ എല്ലാ മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്ത ഒരു വാർത്തയാണ് ഇത്. നായർ സമുദായം “കട്ടപ്പ” അവാർഡ് നൽകി ആദരിക്കുകയും, നാടെങ്ങും ഫ്ളെക്സ് വെക്കുകയും, കോലം കത്തിക്കുകയും, ഫേസ്ബുക്കിൽ ഒരു ഫോട്ടോ കണ്ടാൽ നായന്മാർ കൂട്ടത്തോടെ വന്നു തെറി വിളിക്കുകയും ചെയ്യുന്ന ഒരാൾ വീണ്ടും എതിരില്ലാതെ എങ്ങനെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നു എന്ന് പലരും സംശയം ചോദിച്ചു. അതിനുള്ള വിശദീകരണമാണ് ഈ പോസ്റ്റ്.
സമുദായത്തിന്റെ പൊതു വികാരവും ഈ തെരഞ്ഞെടുപ്പും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലും ഇല്ല. എൻ എസ് എസ് ഒരു ചാരിറ്റബിൾ കമ്പനി ആണ്. ഏകദേശം 5300 കരയോഗങ്ങളും, 60 താലൂക്ക് യൂണിയനുകളും, എൻഎസ്എസ് ഡയറക്ടർ ബോർഡ് നേരിട്ട് നൽകുന്ന വ്യക്തി മെമ്പർഷിപ്പ് ഉള്ള ഏകദേശം 500 പേരും ഉൾപ്പെടെ, ആകെ 5800 ൽ പരം അംഗങ്ങളാണ് എൻ. എസ്. എസ്-ൽ ഉള്ളത്. പലരും കരുതുന്നത് പോലെ കരയോഗത്തിലെ അംഗങ്ങൾക്ക് എൻ എസ് എസ് ൽ അംഗത്വം ഇല്ല. അവർ അതത് കരയോഗത്തിലെ മാത്രം അംഗങ്ങളാണ്. കരയോഗാംഗങ്ങൾക്ക് എൻ. എസ്. എസ് ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതിൽ നേരിട്ട് ഒരു റോളും ഇല്ല. അത് കൊണ്ട് തന്നെ സമുദായത്തിന്റെ പൊതു വികാരം ഇവിടെ പ്രകടമാകുന്നില്ല.
ഇനി ആരാണ് എൻ എസ് എസ് ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത് എന്ന് നോക്കാം. ഇന്ത്യൻ കമ്പനി നിയമം അനുസരിച്ച് മേൽപ്പറഞ്ഞ 5800 അംഗങ്ങൾ ചേർന്നാണ് എൻ എസ് എസ് ഡയറക്ടർമാരെ തെരഞ്ഞെടുക്കേണ്ടത്. കരയോഗത്തിൽ നിന്നും, യൂണിയനിൽ നിന്നും ഇലക്ടറൽ റോൾ മെമ്പർ ആയി നിശ്ചയിക്കുന്ന ആളുകളും, വ്യക്തി മെമ്പർമാരും മാത്രമാണ് എൻ. എസ്. എസ് അംഗങ്ങൾ. എന്നാൽ കമ്പനി നിയമത്തിനു കടക വിരുദ്ധമായും ലോകത്തെങ്ങും ഒരു കമ്പനിയിൽ പോലും നിലവിലില്ലാത്തതുമായ ഒരു രീതിയിലൂടെയാണ് എൻ. എസ്. എസ്-ൽ തെരഞ്ഞെടുപ്പ് നടത്തുന്നത്.
ഓരോ കരയോഗത്തിലും, താലൂക്ക് യൂണിയനുകളിലും തെരഞ്ഞെടുപ്പ് നടത്താനുള്ള അധികാരം നൽകിയിരിക്കുന്നത് സുകുമാരൻ നായരുടെ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരായ താലൂക്ക് യൂണിയൻ സെക്രട്ടറിമാരാണ്. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മറ്റൊരു ഉദ്യോഗസ്ഥനായ കരയോഗം രജിസ്ട്രാറുടെ അംഗീകാരം കൂടി വേണം. എന്നാലേ വോട്ട് ചെയ്യാൻ കഴിയൂ. ആനയ്ക്ക് ഉത്സവം നന്നാകണമെന്നില്ല എന്ന് പറയുന്നത് പോലെ ശമ്പളക്കാരായ യൂണിയൻ സെക്രട്ടറിമാർക്ക് തങ്ങളുടെ യജമാനന്റെ സ്ഥാനം സംരക്ഷിക്കണം എന്നല്ലാതെ സമുദായം നന്നാകണമെന്ന യാതൊരു ചിന്തയും ഇല്ല.
സുകുമാരൻ നായർക്ക് എതിരെ അഭിപ്രായം പറയുന്ന കരയോഗങ്ങളിൽ. യൂണിയൻ സെക്രട്ടറിമാർ തെരഞ്ഞെടുപ്പ് നടത്താറില്ല. അഥവാ തെരഞ്ഞെടുപ്പ് നടത്തുമ്പോൾ കരയോഗം അങ്ങനെ ഒരാളെ തെരഞ്ഞെടുത്താൽ അതിന് രജിസ്ട്രാർ അംഗീകാരം നൽകില്ല. ഇതാണ് ആദ്യത്തെ വോട്ട് ചോരി. കൊല്ലം, ഹൈറേഞ്ച് തുടങ്ങിയ താലൂക്ക് യൂണിയനുകളിൽ ഇങ്ങനെ മൂന്നിലൊന്ന് കരയോഗങ്ങളിൽ തെരഞ്ഞെടുപ്പ് നടത്താതെ കോടതികളിൽ കേസുകൾ നിലവിലുണ്ട്. മൊത്തത്തിൽ ഇങ്ങനെ നൂറു കണക്കിന് കരയോഗങ്ങളെ മാറ്റി നിർത്തിയാണ് ഈ തെരഞ്ഞെടുപ്പ് പ്രഹസനം.
ഇനി യൂണിയൻ സെക്രട്ടറി കനിഞ്ഞ് തെരഞ്ഞെടുപ്പ് നടത്തുന്ന കരയോഗങ്ങളിൽ, അവർ ഏറ്റവും ശ്രദ്ധിക്കുന്നത് ഇലക്ടറൽ റോൾ മെമ്പറും, യൂണിയനിലേക്ക് ഒരു കരയോഗത്തിൽ നിന്നുള്ള രണ്ടു യൂണിയൻ പ്രതിനിധികളുടെയും തെരഞ്ഞെടുപ്പാണ്. മിക്ക കരയോഗാഗംങ്ങളും പ്രസിഡന്റെ, സെക്രട്ടറി ആരാവണം എന്ന് മാത്രമേ ശ്രദ്ധിക്കാറുളളൂ. ഈ ഇലക്ടറൽ റോൾ മെമ്പർ എന്നത് എന്താണെന്ന് ഭൂരിപക്ഷം കരയോഗാഗംങ്ങൾക്കും അറിയില്ല. അവർ അത് ശ്രദ്ധിക്കാറുമില്ല. ഇത് മുതലെടുത്താണ് പ്രഖ്യാപിത ഏറാൻമൂളികളെ ഈ സ്ഥാനത്തേക്ക് യൂണിയൻ സെക്രട്ടറി തന്നെ നിർദ്ദേശിക്കുന്നത്. ഇതിന് ആദ്യ പരിഗണന നൽകുന്നത് എൻ.എസ്.എസ് സ്ഥാപനങ്ങളിൽ ജോലിയുളളവരുടെ ബന്ധുക്കൾക്കാണ്. അവരെ വരച്ച വരയിൽ നിർത്താൻ എളുപ്പമാണ്. അങ്ങനെ ആരും ഇല്ലാത്തിടത്ത് ജോലി കിട്ടാത്ത മക്കളോ, കൊച്ചുമക്കളോ ഉളള ഒരാളെ കണ്ടെത്തും. എന്നിട്ട് ജോലി വാഗ്ദാനം ചെയ്ത് അവരെ കൂടെ നിർത്തി മൂന്ന് കൊല്ലം കഴിഞ്ഞ്, ഇതേപോലെ വാഗ്ദാനം നൽകി വേറൊരാളെ കണ്ടെത്തും. അങ്ങനെ ജോലിയും, ജോലി വാഗ്ദാനവും നൽകിയാണ് രണ്ടാമത്തെ വോട്ട് ചോരി നടത്തുന്നത്.
ഇനിയാണ് ഏറ്റവും നിയമ വിരുദ്ധമായ പ്രതിനിധി സഭ എന്ന് പറയുന്ന 300 അംഗ മൂകസഭയെ തെരഞ്ഞെടുക്കുന്നത്. കരയോഗങ്ങളിൽ നിന്ന് നിശ്ചയിച്ച ഇലക്ടറൽ റോൾ മെമ്പർമാരെ താലൂക്ക് അടിസ്ഥാനത്തിൽ വിഭജിച്ച് ഓരോ താലൂക്കിൽ നിന്ന് അംഗസംഖ്യ അനുസരിച്ച് മൂന്നു മുതൽ പത്തു വരെ പ്രതിനിധി സഭാ അംഗങ്ങളെ തെരഞ്ഞെടുക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ പേരിന് ഒരു റിട്ടേണിംഗ് ഓഫീസർ ഉണ്ടെങ്കിലും, അവിടെയും അധികാരി സുകുമാരൻ നായരുടെ ശമ്പളം പറ്റുന്ന യൂണിയൻ സെക്രട്ടറിയാണ്. ബാലറ്റിലും, കൗണ്ടർ ഫോയിലിലും സീരിയൽ നമ്പർ അച്ചടിച്ച് അത് ക്രമമായി നൽകി രേഖപ്പെടുത്തി ഒരാൾ ആർക്കു വോട്ട് ചെയ്തു എന്ന് ഒറ്റ നോട്ടത്തിൽ അറിയാവുന്ന തരത്തിലുള്ള ” രഹസ്യ ബാലറ്റ്” സംവിധാനമാണ് നിലവിലുളളത്. അത് പറഞ്ഞ് പേടിപ്പിച്ചാണ് മൂന്നാമത്തെ വോട്ട് ചോരി.
ഇനി ഇങ്ങനെ പല അഗ്നിപരീക്ഷയിലൂടെ അഭിപ്രായം ഇല്ലായ്മ പരീക്ഷിച്ച്, ജനറൽ സെക്രട്ടറിയോ യൂണിയൻ സെക്രട്ടറിയോ എന്ത് പറഞ്ഞാലും അതിന് കൈയടിക്കുന്ന 300 നിർഗുണ പരബ്രഹ്മങ്ങളുമാണ് സുകുമാരൻ നായരുടെ ഏകാധിപത്യത്തിന് സ്വയം വളമാകുന്നത്.
ഇവരാണ് എൻ. എസ്. എസ് ബജറ്റും കണക്കുകളും പാസാക്കുന്നത്.
എൻ.എസ്. എസ് ഡയറക്ടർ ബോർഡ് മെമ്പർമാരെ തെരഞ്ഞെടുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വവും ഇവർക്ക് തന്നെയാണ്. ബജറ്റ് മീറ്റിംഗിൽ ചായ കുടി സമയം കഴിഞ്ഞു്, ഡയറക്ടർ ആകാനുള്ള ആളുകളുടെ പേരുകൾ എഴുതിയ ഒരു കുറിപ്പ് വിതരണം ചെയ്യും. ഇവിടെയാണ് തങ്ങൾ ഒഴിവാക്കപ്പെട്ടു എന്ന് നിലവിലുള്ള ഡയറക്ടർമാർ അറിയുന്നത്.
ചില ക്ഷേത്രങ്ങളിൽ വൈകിട്ട് അത്താഴപ്പട്ടിണിക്കാരുണ്ടോ എന്ന് വിളിച്ചു ചോദിക്കുന്ന ഒരു ചടങ്ങുണ്ട്. അത് പോലെ സദ്യയുടെ മണം മൂക്കിൽ ഇരച്ചു കയറുന്ന സമയത്ത് ഒരു വഴിപാട് ചോദ്യം ഉണ്ട്. വേറെ ആരെങ്കിലും മത്സരിക്കാനുണ്ടോ..???? അവിടെ ചെന്ന് വായ് തുറക്കില്ല എന്നുളള രണ്ടു പരീക്ഷ പാസ്സായി ചെന്ന ആരും തന്നെ ഇത് കേട്ടതായി പോലും ഭാവിക്കാതെ സദ്യാലയത്തിലേക്ക് ഓടും. ഇങ്ങനെയാണ് ഒന്നാം തവണ മുതൽ മരണം വരെയോ, അല്ലെങ്കിൽ സുകുമാരൻ നായരുടെയോ യൂണിയൻ സെക്രട്ടറിമാരുടെയോ അപ്രീതിക്ക് പാത്രമാവുന്നത് വരെയോ, ഡയറക്ടർ മാരായി സമുദായത്തെ “സേവിച്ച്” നിർവൃതി അടയുന്നത്.
നായർ സമുദായം മുഴുവൻ സോഷ്യൽ മീഡിയയിൽ കൂടി തെറി വിളിക്കുന്ന സുകുമാരൻ നായരും കൂട്ടരും എന്ത്കൊണ്ട് വീണ്ടും വീണ്ടും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നു എന്ന് ഇനിയാർക്കും സംശയമില്ലല്ലോ..
അതു കൊണ്ട് എൻ.എസ്. എസ് ഭരണ സംവിധാനത്തിൽ മാറ്റം ആഗ്രഹിക്കുന്നവർ സ്വന്തം കരയോഗത്തിലെ ഇലക്ടറൽ റോൾ മെമ്പർമാരെ മാറ്റി അഭിപ്രായം പറയാൻ ധൈര്യമുളള ആളെ തെരഞ്ഞെടുത്തു വിടുക. മാറ്റം ഉണ്ടാകും.
കടപ്പാട്: -Adv. T K G Nair
കോഴിയ്ക്ക് മുല വരുന്നതുപോലെ
Comment : നായർ സമുദായാംഗങ്ങൾക്ക് ആദ്യം സമുദായ ബോധം ഉണ്ടാകണം, തുടർന്ന് സമുദായ സ്നേഹം ഉണ്ടാവണം. ഇവ രണ്ടും കാരണമായി സമുദായ സംഘടനാ കാര്യങ്ങളിൽ താല്പര്യമുണ്ടാവണം. ഇതേതുടർന്ന് കരോയോഗ മന്ദിരത്തലേയ്ക്ക് പോകുവാൻ ഉൾപ്രേരണ ഉണ്ടാവണം. എല്ലാ കരയോഗ മീറ്റിംഗുകളിലും ഹാജരാവും എന്ന നിർബന്ധബുദ്ധി ഉണ്ടാകണം. ഇതിനോടൊപ്പം കുടുംബത്തിലെ മറ്റ് അംഗങ്ങളേയും കരയോഗ യോഗങ്ങളിൽ പങ്കെടുപ്പിയ്ക്കാൻ പ്രേരിപ്പിയ്ക്കണം. മറുവശത്ത് നായർ കരയോഗങ്ങളിലേയ്ക്ക് എല്ലാ നായർ സമുദയായ അംഗങ്ങളെയും ആകർഷിയ്ക്കാൻ കരയോഗ ഭാരവാഹികൾ മാർഗ്ഗങ്ങൾ സ്വീകരിയ്ക്കണം. പണ്ട് പണ്ട് മന്നത്തു പത്മനാഭനും ഇതിനെല്ലാം ശ്രമിച്ചിരുന്നു. അദ്ദേഹം എഴുതിയ ആത്മകഥകയും, അദ്ദേഹത്തിന്റെ പ്രസംഗങ്ങളും പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാവും. അതെല്ലാം ആര് വായിയ്ക്കാൻ !!!! അദ്ദേഹം ആത്മാർത്ഥമായി കഠിന പ്രയത്നം ചെയ്തിട്ടും, ഇന്നും സമുദായത്തിൽ കാര്യമായ മാറ്റം ഒന്നും ഉണ്ടായില്ലെന്നതിന്റെ മുഖ്യ തെളിവാണ് സുകുമാരൻ നായരുടെ പദവിത്തുടർച്ച.
Social Media : How the ‘Nair Parliament’ functions in Kerala ….. it is a sham !!!! Nair apathy and their organisation …..
നായർ സമുദായത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന കമ്പനി സംവിധാനവും, നായർ സമുദായ-സംഘടനാ ബോധമുള്ളവരുടെ നിരാശയും രോഷവും…… കോഴിയ്ക്ക് മുല ഉണ്ടായെന്ന് വരാം……പക്ഷെ നായർ ജാതിയുടെ സമുദായ-സംഘടനാ ബോധമോ ………. ഇനിയെങ്കിലും ഓരോ കുടുംബവും ഉണർന്ന് സമുദായത്തെക്കുറിച്ച് ചിന്തിച്ച്, സംഘടനയുമായി ബന്ധപ്പെടാൻ തയ്യാറാകണം. കാരണം നായർ സമുദായാംഗങ്ങൾ വ്യക്തിപരമായി, സാമൂഹ്യമായ വെല്ലുവിളികളും ഭീഷണികളും നേരിടുന്നുണ്ടെന്ന് പത്രമാദ്ധ്യമങ്ങളിൽ വാർത്തകൾ വരുന്നു. ഇന്ന് ഇവ അവിടവിടെയുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ ആയിരിയ്ക്കാം. പക്ഷെ കാലം മുമ്പോട്ട് പോകുന്നന്തോറും ഈ വെല്ലുവിളികളും ഭീഷണികളും വളർന്ന് പന്തലിച്ച് ഭീമാകാരമാവുകയും, സ്വ-സ്വത്വത്തെയും മതത്തെയും തള്ളിപ്പറയുവാൻ നാം നിർബന്ധിതരായി തീരുകയും ചെയ്യും. ഈ അപകടം മുമ്പിൽ കണ്ടുകൊണ്ട്, സംഘടിയ്ക്കാൻ തയ്യാറാവുക… ജയ് ഭാരത് മാതാ……
