വൈക്കം സത്യഗ്രഹത്തെ സംബന്ധിച്ച് ഇന്ന് സമുഹ മദ്ധ്യത്തിലുള്ള ഔദ്യോഗിക ചരിത്ര ആഖ്യാനങ്ങൾ ശ്രദ്ധയോടെ പരിശോധിച്ചാൽ ഒരു കാര്യം മനസ്സിലാകും. ഈ ആഖ്യാനങ്ങൾ എല്ലാം തന്നെ പ്രതി സ്ഥാനത്ത് നിർത്തിയിരിക്കുന്നത് സനാതന ധർമ്മത്തെയാണ്. കേരളീയ സമൂഹത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും കാരണം സനാതാന ഹിന്ദുധർമ്മമാണെന്ന ദൃഷ്ടാന്തീകരണം വൈക്കം സത്യഗ്രഹത്തിലൂടെയാണ് സനാതന ധർമ്മ വിദ്വേഷികൾ സാധിച്ചെടുക്കുന്നത്. പക്ഷെ ചരിത്രരേഖകൾ മറ്റൊന്നാണ് കാണിച്ചുതരുന്നത്. സത്യഗ്രഹവുമായി ബന്ധപ്പെട്ട് ശ്രീ.റ്റീ.കെ.നാരായണൻ, ‘ഈഴവർ ഇനിവേണ്ടത്’ എന്ന പേരിൽ അച്ചടിച്ച് പ്രസദ്ധീകരിച്ച ഒരു പ്രമേയത്തിൽ, വൈക്കം സത്യഗ്രഹവും സവർണ്ണജാഥയും, ഹിന്തുമതക്കാരായ ഈഴവർക്ക് ദോഷമാണ് വരുത്തിയതെന്ന വാദം കാര്യകാരണ സഹിതം വ്യക്തമാക്കിയിട്ടുണ്ട്. ഈഴവർക്കും മറ്റ് വിഭാഗങ്ങൾക്കും സഞ്ചാര സ്വാതന്ത്ര്യം ലഭിച്ചത് വൈക്കം സത്യഗ്രഹം കാരണമായിട്ടല്ല എന്ന് ഈ പ്രമേയത്തിൽ ശ്രീ നാരായണൻ എടുത്ത് പറയുന്നുണ്ട്. സത്യഗ്രഹസമരം തുടങ്ങി ഏഴെട്ടു മാസങ്ങൾക്കു ശേഷമാണ് ഈ പ്രമേയം പ്രസിദ്ധീകരിച്ചത്. ഇതുകൂടാതെ The Regional Records Survey Committee, Kerala State Trivandrum, 1966-ൽ പ്രസിദ്ധീകരിച്ച The History of Freedom Movement in Kerala എന്ന ഗ്രന്ഥത്തിലും, കേരളത്തിലെ ഒട്ടുമിക്ക മഹാക്ഷേത്രങ്ങളുടെയും പരിസരങ്ങളിൽ വൈക്കം സത്യഗ്രത്തിനു മുമ്പേ തന്നെ ഈഴവർക്ക് സഞ്ചാര സ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്ന് പരാമർശിച്ചിട്ടുണ്ട്. കേരള ചരിത്രത്തെ സംബന്ധിയ്ക്കുന്ന ഈ രണ്ട് പുസ്തകങ്ങളും ഇന്ന് archive.org എന്ന internet archive-ൽ ലഭ്യമാണ്.
ഈഴവർ ഇനി വേണ്ടത് : റ്റീ.കെ. നാരായണന്റെ പ്രമേയം
അന്തക്കരണവിഷയമായ അബദ്ധം
പ്രമേയത്തിന്റെ പേജ് ഒൻപതിലുള്ള ഖണ്ഡികയുടെ തലക്കെട്ടാണ് മുകളിൽ നല്കിയിരിക്കുന്നത് . ഈ ഖണ്ഡിക ഇവിടെ ഉദ്ധരിയ്ക്കുന്നു. Quote – “സത്യഗ്രഹവൃത്താന്തം ലോകത്തു പരന്നതോടുകൂടി ഈഴവരുടെ കഥ കുറേക്കൂടി വഷളായി. അവർ വഴിനടക്കാൻപോലും സ്വാതന്ത്ര്യമില്ലാത്ത ഒരുവക നീചപ്പരിഷകളെന്നുള്ള വിചാരം സർവ്വത്ര പരന്നുകഴിഞ്ഞിരിക്കുന്നു. മുമ്പ് ഈഴവരെപ്പറ്റി ഇന്ത്യയുടെ ഇതരഭാഗങ്ങളിലും അന്യ രാജ്യങ്ങളിലും ഉള്ള ആളുകൾ അധികമായി ഒന്നും അറിഞ്ഞിരിക്കാനിടയില്ല. അറഞ്ഞിട്ടുള്ളവർക്ക് അത്ര അവജ്ഞ തോന്നിയിരിക്കാനും വകയില്ല. ഇപ്പോഴാകട്ടെ അവസ്ഥയെല്ലാം മാറി. ഈഴവരെപ്പറ്റി ലോകവാസികളുടെ ഇടയിൽ പൊതുവെ ഒരുവക അയഥാർത്ഥബോധവും അറപ്പും തോന്നിത്തുടങ്ങിയിരിക്കുന്നു. ഇത് അന്തക്കരണവിഷയമായ ഒരു വലിയ അബദ്ധമാണെന്നുള്ളതിനു യാതൊരു സംശയവുമില്ല. സമത്വവാദികളായ ചുരുക്കം ചില തത്വചിന്തകന്മാരൊഴികെ ജനങ്ങളിൽ വലിയ ഭൂരിപക്ഷവും ജാതി വർഗ്ഗ ചിന്തകളാൽ ഭരിക്കപ്പെടുന്നവരാകുന്നു. ഒരു വർഗ്ഗക്കാർ നീചരാണെന്നുള്ള ബോധം അവരുടെ അന്തരംഗത്തിൽ ദൃഢമായി പതിഞ്ഞുകഴിഞ്ഞാൽപിന്നെ അതു മാഞ്ഞുപോകാൻ വളരെ പ്രയാസമായിരിക്കും. മനുഷ്യരെ ജാതിജാതിയായി വേർതിരിച്ചു നിർത്തിയിരിക്കുന്നത് ഇപ്രകാരമുള്ള ചില മിഥ്യാബോധങ്ങളും സങ്കല്പങ്ങളുമല്ലാതെ മറ്റെന്താണ് ? പുറമേയുള്ളവർക്ക് ഇപ്പോൾ ഈഴവരെന്നോ തീയരെന്നോ കേൾക്കുമ്പോൾ ഒരുവക വൃത്തിഹീനരായ കിരാതവർഗ്ഗക്കാർ എന്നായിരിക്കും തോന്നുന്നത്.” Unquote
ശത്രുവ്യൂഹം
പ്രമേയത്തിന്റെ പേജ് അഞ്ചിലുള്ള ഖണ്ഡികയുടെ തലക്കെട്ടാണ് മുകളിൽ നല്കിയിരിക്കുന്നത്. Quote : “ഈഴവർ ഇന്നനുഭവിയ്ക്കുന്ന മിക്ക സ്വാതന്ത്ര്യങ്ങളും അവർ സ്വപ്രയത്നംകൊണ്ടു സമ്പാദിച്ചവയാകുന്നു. സർക്കാർ പാഠശാലകളിലും സർക്കാർ സേവനത്തിലും പ്രവേശം ലഭിക്കയെന്നുള്ളത് ഗവർമ്മെന്റനുവാദം കൂടാതെ സാധിക്കുന്ന സംഗതിയല്ല. ഈ അനുവാദം ഈഴവരുടെ നിരന്തരമായ പ്രക്ഷോഭണം കൊണ്ടുതന്നെ സിദ്ധിച്ചു. ആ പ്രക്ഷോഭണകാലത്തു സത്യഗ്രഹസമരമോ ജാതിഹിന്ദുക്കളുടെ നേതൃത്വമോ ഒന്നും വേണ്ടിവന്നില്ല. (ഇവിടെ ജാതിഹിന്ദുക്കൾ എന്ന് പ്രമേയ കർത്താവ് ഉദ്ദേശിക്കുന്നത് നായർ, ചക്കാലൻ, വാണിയൻ, ഇടയൻ, ചെട്ടി, കോമട്ടി മുതലായവരാണ് (പ്രമേയത്തിന്റെ പേജ് 8-ലാണ് ഈ വിവരങ്ങൾ നല്കിയിട്ടുള്ളത് )). സഞ്ചാരസ്വാതന്ത്ര്യം ഏതു മനുഷ്യജീവിക്കും ഉണ്ടായിരിക്കേണ്ട പ്രാഥമികമായ ഒരു അവകാശമാകുന്നു. ഈ അവകാശം നിഷേധിക്കാൻ ആർക്കും അധികാരമില്ല. അങ്ങിനെ നിഷേധിക്കുവാൻ ന്യായബോധമുള്ള യാതൊരുമനുഷ്യനും തോന്നുകയുമില്ല. ഈഴവർ മുതലായവർ അടുത്തകാലം വരെ സഞ്ചരിക്കാതിരുന്ന പല റോഡുകളും ബ്രിട്ടിഷ് മലബാറിലും കൊച്ചിയിലും എന്നപോലെ തിരുവിതാംകൂറിലുമുണ്ടായിരുന്നു. കരുനാഗപ്പള്ളി-പടനായർക്കുളങ്ങര, ചെങ്ങന്നൂർ, ആറന്മുള, കോട്ടയം-തിരുനക്കര മുതലായ ക്ഷേത്രങ്ങൾക്കു സമീപമുള്ള റോഡുകളിൽ ഈഴവർ സഞ്ചരിച്ചു തുടങ്ങിയിട്ടു വളരെക്കാലമായിട്ടില്ല. അവിടെങ്ങും സത്യാഗ്രഹംകൊണ്ടല്ല കാര്യം സാധിച്ചത്. അക്രമം കൊണ്ടുമല്ല. ചുരുക്കം ചില സ്ഥലങ്ങളിൽ ചില കശപിശകൾ ഉണ്ടായിട്ടില്ലെന്നുമില്ല. ആരും ഗവർമ്മെന്റനുവാദത്തിനും ശ്രമിച്ചിരുന്നില്ല. ഇപ്പോൾ മേല്പറഞ്ഞ റോഡുകളിലെങ്ങും തീണ്ടലില്ലാ, തീണ്ടൽ ബോർഡുകളുമില്ല. വൈക്കം അമ്പലപ്പുഴ മുതലായ അപൂർവ്വം ചില ക്ഷേത്രറോഡുകൾ മാത്രമേ ഇപ്പോൾ ഈഴവർ സാധാരണയായി ഉപയോഗിക്കാത്തവയായി ഉള്ളൂ. ആ റോഡുകളിൽ സഞ്ചരിക്കാനും ആരുടേയും അനുമതി ചോദിച്ചിട്ട് ആവശ്യമില്ലായിരുന്നു. അതിലേയ്ക്കു കാൺഗ്രസ്സുകാരുടേയും ജാതിഹിന്തുക്കളുടേയുംമറ്റും വാലു പിടിച്ചിട്ടും ആവശ്യമില്ലായിരുന്നു. ഞങ്ങൾ ഇന്ന റോഡിൽ ഇത്രാം തീയതി നടക്കാൻ പോകുന്നു. തടുക്കണമെന്നുള്ളവർ തടുക്കട്ടെ, അടിക്കണമെന്നുള്ളവർ അടിക്കട്ടെ എന്നൊക്കെ ശബ്ദകോലാഹലം ഉണ്ടാക്കി ശത്രുക്കൾക്കു വ്യൂഹം ഉറപ്പിക്കാൻ സൗകര്യം നൽകിയതു മണ്ടത്തരമായിപ്പോയി.” – Unquote (താഴെ നല്കിയിരിയ്ക്കുന്ന സ്ക്രീൻഷോട്ടുകൾ ശ്രദ്ധിയ്ക്കുക)
അബദ്ധപ്രസ്ഥാനം
പേജ് നാലിലുള്ള തലക്കെട്ടാണ് ഇത്. Quote : ““സത്യഗ്രഹ”ത്തിന് ഏതെല്ലാം മഹാത്മാക്കളുടെ അനുമതിയുണ്ടായിരുന്നാലും എന്തെല്ലാം ആദർശപരമായ നന്മകൾ ഉണ്ടെന്നു ഘോഷിച്ചാലും ഈഴവരെ സംബന്ധിച്ചെടത്തോളം അതൊരു അബദ്ധപ്രസ്ഥാനമായിപ്പോയെന്നാണ് എനിക്കു തോന്നുന്നത്. വൈക്കം സത്യഗ്രത്തിനും സവർണ്ണജാത്തായ്ക്കുംവേണ്ടി ആകെ ചെലവായിട്ടുള്ള സംഖ്യ എന്താണെന്ന് എനിക്കു സൂക്ഷ്മവിവരമില്ല. ആ ചെലവുകളെ സംബന്ധിച്ചു വിവരമായ ഒരു കണക്കെടുപ്പാൻ പ്രയാസവുമാണ്. ഏതാണ്ടു നാല്പതിനായിരം ഉറുപ്പിക ആ വകയ്ക്കു ഹോമിച്ചിട്ടുണ്ടെന്നാണു കേൾക്കുന്നത്. ഇതിൽ അധികഭാഗവും അഗതികളായ ഈഴവരുടെ പണമാണെന്നുള്ളതിനു സംശയമില്ല. ഈ വകയ്ക്കായി ഇതുവരെ വിനിയോഗിക്കപ്പെട്ടിട്ടുള്ള സമയവും ശക്തിയും എത്രമാത്രമായിരിക്കും ? ഇത്രയെല്ലാം ചെലവു ചെയ്തിട്ടു സാധിച്ച മഹാകാര്യം എന്താണ് ? ” – Unquote
മതപരിവർത്തനബഹളം
ഇത് പത്താം പേജിലുള്ള ഖണ്ഡികയുടെ തലക്കെട്ടാണ്. Quote : “ജാതിപരമായ അവശതകൾ നിമിത്തം ഈഴവസമുദായത്തിൽ അസ്വസ്ഥത ഉണ്ടായിട്ടു കുറേക്കാലമായി. അതിന്റെ ഫലമായി മതം മാറാനുള്ള വ്യഗ്രതയും അങ്ങുമിങ്ങും ചിലപ്പോൾ മന്ദമായും ചിലപ്പോൾ മന്ദേതരമായും ഉണ്ടായിട്ടുണ്ട്. ചിലർക്ക് ക്രിസ്തുമതംവേണം, ചിലർക്കു മഹമ്മദുമതംമതി, മറ്റു ചിലർക്കു ബുദ്ധമതം സ്വീകരിക്കണം. ഇങ്ങനെ ഓരോരുത്തരും അവരുടെ രുചി ഭേദമനുസരിച്ച് ഓരോ മാർഗ്ഗം നിർദ്ദേശിച്ചു എന്നല്ലാതെ ആ വിഷയത്തിൽ പൊതുവായ ആലോചനയും തീരുമാനവുമൊന്നും ഈഴവസമുദായത്തിൽ ഉണ്ടായിട്ടില്ല. എന്നാൽ സത്യഗ്രഹത്തിന്റെ ഗതി, ഈഴവരെ നിയന്ത്രിയ്ക്കാൻ നിവൃത്തിയില്ലാത്തവിധം അസ്വസ്ഥരാക്കിച്ചമച്ചിരിക്കുന്നു. ബുദ്ധിസംസ്കാരവും വിവേകവും കുറഞ്ഞവരാണല്ലൊ ഏതു സമുദായത്തിലും അധികം ഉണ്ടായിരിക്കുക. അവർക്ക് ആശാഭംഗവും അക്ഷാന്തിയും നേരിട്ടാൽ അവരെ നിയന്ത്രിക്കാൻ വളരെ പ്രയാസമായിരിക്കും. ഈ അവസ്ഥയാണ് ഇപ്പോൾ ഈഴവർക്കു വന്നുകൂടിയിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഈഴവസമുദായം ഇപ്പോൾ ആശാനില്ലാത്ത കളരിതന്നെയാണ്. മതം മാറാനുള്ള വിഭ്രാന്തി പല ദിക്കുകളിലും കലശൽകൂട്ടുന്നു. ചെങ്ങന്നൂരിനുസമീപം തുമ്പമൺ എന്ന പ്രദേശത്തു പത്തിരുപതു വീട്ടുകാർ ഒന്നായി ക്രൈസ്തവസമുദായത്തിൽ ലയിച്ചിരിക്കുന്നു. മയ്യനാട്ടും ക്രിസ്ത്യാനികളാകുന്ന ഈഴവരുടെ ആവശ്യത്തിലേയ്ക്കു പ്രത്യേകം ഒരു പള്ളിപണിയിച്ചുകൊടുക്കാമെന്ന് അവിടേയുള്ള ഒരു ഈഴവമാന്യൻ വാഗ്ദാനം ചെയ്തിരിക്കുന്നതായിക്കാണുന്നു. കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ലാ മുതലായി ക്രിസ്ത്യാനികൾക്കു പ്രാബല്യമുള്ള പ്രദേശങ്ങളിൽ ഈഴവരെ കൂട്ടത്തോടെ ആശ്ലേഷിക്കുവാൻ പല ക്രൈസ്തവസഭക്കാരും പരിശ്രമിച്ചുവരുന്നപ്രകാരം അറിയുന്നു. കാറ്റുള്ളപ്പോൾ തൂറ്റാൻ അവർക്കുള്ള സാമർത്ഥ്യം വിശ്രുതവുമാണല്ലോ. നിയമസഭയിൽ സഞ്ചാരസ്വാതന്ത്ര്യപ്രമേയത്തിന്റെ വിധിയും പ്രതീക്ഷിച്ചു ക്ഷമിച്ചിരിക്കുന്നവരും ചില്ലറയൊന്നുമല്ല. മതംമാറണമെന്നുള്ള ആലോചന പാലയ്ക്കാട്ടെ ഈഴവരുടെ ഇടയിലും ഉണ്ടായിട്ടുണ്ട്. അവരിൽ ചിലർക്കു ചരിവു മഹമ്മദുമതത്തിലേയ്ക്കാണത്രെ. അത് സ്വാഭാവികമാണ്. അവിടെ കുറെ ശക്തിയുള്ളതും മാപ്പിളമാർക്ക് (മഹമ്മദീയർക്ക്) ആകുന്നു. ഈ ബഹളങ്ങളെല്ലാം സമുദായ പ്രധാനന്മാരും സമുദായപ്രാതിനിധ്യം വഹിക്കുന്ന പത്രങ്ങളും കേവലം ഉദാസീനഭാവത്തിൽ നോക്കിക്കൊണ്ടിരിക്കയാണെന്നു തോന്നുന്നു. അവരിൽ ചിലർ ഈ പരിവർത്തനബഹളങ്ങളെ പ്രോത്സാഹിപ്പിക്കകൂടി ചെയ്യുന്നുണ്ടെന്നു പറയേണ്ടിയിരിക്കുന്നു. ദുഷിച്ച ഹിന്തുമതത്തിൽ നിന്നും ഈഴവർ എവിടെയെങ്കിലും പോയി രക്ഷനേടിക്കൊള്ളട്ടെ എന്നായിരിക്കുമോ അവരുടെ ഭാവം ? അതല്ല ഈഴവ സമുദായം വല്ലവിധത്തിലും തേഞ്ഞുമാഞ്ഞുപോകണമെന്നായിരിക്കുമൊ ? ഈഴവരുടെ പരിഷ്ക്കരണപരിപാടി ഈ വിധം വിധ്വംസനപരമായി പരിണമിച്ചുപോയതിൽ ഞാൻ അത്യന്തം വ്യസനിക്കുന്നു. ശ്രീനാരായണപരമഹംസദേവന്റെ അദ്ധ്യാത്മകനേതൃത്വത്തിൽ വളരേക്കാലത്തെ അക്ഷീണപരിശ്രമത്താൽ സ്ഥാപിതമായ സമുദായബന്ധം ഈശ്വരാ ! ഈവിധത്തിൽ ശിഥിലമാകണമെന്നോവിധി ! ” Unquote
മതഭക്തി (പേജ് 11)
Quote : “അങ്ങുമിങ്ങും ചിലയാളുകൾ മതംമാറാൻ ബഹളംകൂട്ടാറുണ്ടെങ്കിലും ഈഴവർക്കു പൊതുവേ ഹിന്തുമതം ഉപേക്ഷിക്കാൻ സമ്മതമില്ല. അവരെ അന്യമതങ്ങളിൽ ചാടിക്കാനുള്ള ശ്രമം ചില ശുദ്ധഹൃദയന്മാർ വിചാരിക്കുന്നതുപോലെ അത്ര ഫലപ്രദമാകുമെന്ന് എനിക്കു വിശ്വാസില്ല. എന്നു മാത്രമല്ല അപ്രാകമുള്ള മതപരിവർത്തനം അവർക്കു പലവിധത്തിലും അപകർഷഹേതുകമായി ഭവിക്കുമെന്നാണ് എന്റെ ബലമായ അഭിപ്രായം. “തീയരും ഹിന്തുമതവും” എന്ന പേരിൽ ഞാൻ മുമ്പു പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഒരു പ്രബന്ധത്തിൽ മേല്പറഞ്ഞവിധം മതപരിവർത്തനം ഗുണകരമല്ലെന്നു തെളിയിച്ചിട്ടുള്ളതിനാൽ ആ ഭാഗം ഇവിടെ ആവർത്തിക്കണമെന്നു വിചാരിക്കുന്നില്ല. ലൗകികമായ ചില സൗകര്യങ്ങളും സ്വാതന്ത്ര്യങ്ങളും അന്യമതം സ്വീകരിച്ചാൽ സിദ്ധിക്കുമെന്ന് ഏതീഴവനും അറിയാം. എന്നാലും അവനു മതംമാറുന്നത് അശേഷം പക്ഷമല്ല. ജാതി ഹിന്തുക്കളുടെ ഇടയിൽ നടപ്പിൽ ഇരിക്കുന്ന ദുഷിച്ച ഒരു മതമാണ് ഈഴവരും ഇപ്പോൾ പൊതുവേ ആചരിച്ചു വരുന്നത്. ഹിന്തുമതമെന്നാണ് ഈ മതത്തിനു പേരുപറഞ്ഞുവരുന്നതെങ്കിലും ഇത് ഹിന്തുമതത്തിന്റെ എത്രയും ദുഷിച്ച ഒരു രൂപമാണ്. ഈ രൂപം കണ്ടിട്ട് ഹിന്തുമതത്തെ ആകമാനം അപലപിക്കുന്നതു തെറ്റാണ്. സാക്ഷാൽ ഹിന്തുമതം അല്ലെങ്കിൽ വൈദികമതം അത്യുൽക്കൃഷ്ടമായ ഒരു മതമാണ്. ഈ മതത്തിന്റെ പരിശുദ്ധിയിലേയ്ക്ക് ഹിന്തുക്കളെ തിരിച്ചുകൊണ്ടുപോകാമെങ്കിൽ അവരുടെ ഇപ്പോഴത്തെ രോഗാകുലമായ സമുദായഘടനയ്ക്ക് ഒരു സമൂല പരിവർത്തനം സംഭവിക്കാതെ തരമില്ല. ജാതിഹിന്തുക്കളുടെ തല്ക്കാലനില എങ്ങനേയുമിരിക്കട്ടെ. അവരുടെ അഭ്യുദയത്തിൽ ആകാംക്ഷ ഇല്ലാഞ്ഞിട്ടല്ല ഞാൻ ഇങ്ങനെ പറയുന്നത്. എന്റെ അവാജ്യമായ പ്രാർത്ഥന സവർണ്ണരെന്നും അവർണ്ണരെന്നും മറ്റുമുള്ള വിഭിന്നഭാവനകളെല്ലാം അസ്തമിച്ച് ഹിന്തുക്കൾക്ക് ആരോഗ്യയുക്തമായ ഒരു സമുദായഘടന ഉണ്ടാകണമെന്നാണ്. ഈ ചെറിയ പ്രബന്ധത്തിൽ ആ വിഷയത്തെപ്പറ്റി പ്രതിപാദിക്കാൻ സൗകര്യമില്ല. ഇതിലെ പ്രതിപാദ്യവിഷയവും അതല്ല. (Note : ഇതിലെ പ്രതിപാദ്യ വിഷയം വൈക്കം സത്യഗ്രഹമാണ് ). ഈഴവർക്കു പൊതുവെ മതംമാറാൻ മനസ്സില്ലെന്നു മുകളിൽ പ്രസ്താവിച്ചിട്ടുണ്ടല്ലൊ. ഈഴവരെ ഹിന്തുമതത്തിൽ നിന്നു തെറ്റിക്കാതെ മതവിഷയമായി സംസ്കരിക്കാനും അവരുടെ സാമൂഹ്യസ്ഥിതി ഉയർത്താനും മാർഗ്ഗമുണ്ടോ ? ഉണ്ടെങ്കിൽ എന്തിന് അവരെ അന്യമതങ്ങൾക്കു ബലികഴിക്കുന്നു ?” Unquote
Conclusion
ഇന്ത്യയിൽ ഒട്ടുക്ക് രാജവീഥികളും നാട്ടുവീഥികളും ഉണ്ടായിരുന്നു. രാജവീഥികളിലൂടെ എല്ലാ ജനങ്ങൾക്കും സഞ്ചരിക്കാമായിരുന്നു. അതിലൂടെ സഞ്ചരിക്കുന്നതിന് ഒരു തരത്തിലുള്ള വിലക്കുകളും ഉണ്ടായിരുന്നില്ല. കഴിഞ്ഞുപോയ കോവിഡ് കാലഘട്ടത്തിലെന്നപോലെ, അന്നും രോഗാണുക്കൾ പകരാതിരിയ്ക്കാൻ തീണ്ടൽ അകലം പാലിയ്ക്കണമെന്നുമാത്രം. എന്നാൽ നാട്ടുവീഥികളിൽ ചിലതിലൂടെ ആർക്കും യഥേഷ്ടം സഞ്ചരിയ്ക്കാൻ അനുവാദമില്ലായിരുന്നു. ഉദാഹരണത്തിന് പറയർ തിങ്ങിപ്പാർക്കുന്ന പറച്ചേരികളിലെ വീഥികളിലൂടെ ബ്രാഹ്മണരെ കടത്തിവിട്ടിരുന്നില്ല. അംബേദ്ക്കർ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.(ഡോ.അംബേദ്കർ-സമ്പൂർണ്ണകൃതികൾ വാല്യം 14, പേജ് 80). അതേ പോലെ പട്ടന്മാർ തിങ്ങിപ്പാർക്കുന്ന അഗ്രഹാരങ്ങളിലൂടെ അന്യ ജാതിക്കാരെയോ മതക്കാരെയോ യഥേഷ്ടം സഞ്ചരിയ്ക്കുവാൻ അനുവദിച്ചിരുന്നില്ല. ഉദാ. പാലക്കാട്ടെ കല്പാത്തിഗ്രാമം.(പ്രമേയത്തിലെ പേജ്. 3). ഇപ്പോഴുള്ള Gated Communities പോലെ തന്നെ. എന്നാൽ ജനങ്ങൾ ഒരു social contract എന്ന മട്ടിൽ അന്യോന്യം പാലിച്ചിരുന്ന ഈ വ്യവസ്ഥകളിൽ തനിയെ അയവ് വന്നിരുന്നു. ശ്രീ റ്റീ.കെ. നാരായണന്റെ പ്രമേയത്തിൽ നിന്നും ഇക്കാര്യം വ്യക്തവുമാണ്. സത്യഗ്രഹമോ, ബലപ്രയോഗമോ കൂടാതെ തന്നെ കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളെ ഒട്ടിയുള്ള റോഡുകളിൽ കൂടി എല്ലാവർക്കും, പ്രത്യേകിച്ച് ഈഴവർക്ക് സഞ്ചാര സ്വാതന്ത്ര്യം ഉണ്ടായിരുന്നതായി പ്രമേയത്തിൽ ഉണ്ട്. ഈഴവരും മറ്റ് പിന്നാക്കജാതിക്കാരും വെല്ലുവിളി ഉയർത്തിയപ്പോഴാണ് ഇതിനെ ചെറുക്കാൻ സവർണ്ണർ സർക്കാറിന്റെ സഹായം തേടിയത് . ഇക്കാര്യവും പ്രമേയത്തിൽ നിന്നും മനസ്സിലാക്കാവുന്നതാണ്. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ ഇടതുപക്ഷത്തിന്റെയും കോൺഗ്രസ്സിന്റെയും ഡിഎംകെയുടെയും നവോത്ഥാനത്തെയും സാമൂഹ്യനീതിയെയും കുറിച്ചുള്ള അവകാശ വാദങ്ങൾ തീർത്തും പൊള്ളയാണെന്നും, രാഷ്ട്രീയപ്രേരിതമാണെന്നും മനസ്സിലാക്കാം.
വൈക്കം സത്യഗ്രഹം കോൺഗ്രസ്സിന്റെ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായിരുന്നെന്നും, തെക്കെ ഇന്ത്യയിൽ കോൺഗ്രസ്സിന് ശ്രദ്ധ ലഭിയ്ക്കുവാൻ വേണ്ടി ഹിന്ദുമതത്തിന്റെ മേൽ കുതിരകയറിയതാണ് വൈക്കത്തെ സംഭവങ്ങളെന്ന് ചരിത്രരേഖകളിൽ നിന്നും വ്യക്തമാണ്. തെക്കെഇന്ത്യയിൽ ഹിന്ദുമതത്തെ അപകീർത്തിപ്പെടുത്തി കോൺഗ്രസ്സ് പാർട്ടി വളർത്താൻ കോൺഗ്രസ്സുകാർ പദ്ധതിയിട്ടു. അതിന്റെ ഭാഗമാണ് വൈക്കം സത്യഗ്രഹം. ഇതിനെക്കുറിച്ച് അടുത്ത ഭാഗത്ത് വിവരിയ്ക്കുന്നുണ്ട്. പക്ഷേ കോൺഗ്രസ്സിന്റെ ഈ കുതന്ത്രം ഈഴവ സമുദായത്തിനാണ് ഏറ്റവും വിനയായത്. അതാണ് ശ്രീ റ്റീ.കെ.നാരായണൻ തന്റെ പ്രമേയത്തിലൂടെ വ്യക്തമാക്കിയത്. സത്യഗ്രഹം കാരണമായി ഈഴവസമുദായം ആശാനില്ലാത്ത കളരി പോലെ പതിച്ചു എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തെ മുതലെടുത്ത് മതപരിവർത്തന തിന്മ ശക്തികളും ഈഴവസമുദായത്തെ വട്ടമിട്ടു പറന്നു എന്നും പ്രമേയത്തിൽ നിന്നും വ്യക്തമാണ്. ചരിത്രപരമായ ഈ യാഥാർത്ഥ്യങ്ങൾ ഒരിക്കലും വെളിച്ചത്തുവരില്ലെന്നു കരുതിയാണ്, സനാതന ധർമ്മ വിദ്വേഷ-ഉന്മൂലന ലക്ഷ്യത്തോടെ കോൺഗ്രസ്സും ഇടതുപക്ഷവും ഡിഎംകെയും മാസങ്ങൾ നീളുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽ ഏർപ്പെട്ടിരിയ്ക്കുന്നത്.
തുടരും
Visit naircommunity.in for detailed analysis of history
Unique Visitors : 2,615
Total Page Views : 4,644