For the kind attention of the readers : Compared to our reading- learning abilities, our listening-learning abilities have dimmed. We are more dependent on the printed word now. The discourses of Swamiji Nirmalanandagiri Maharaj are freely available on Youtube. This is a transcript of one such discourse. The YouTube Link of the same is provided herein. (Click here). This is a faithful transcript of the YouTube Vid . The printed matter has the following advantages. . (a) The time required for reading the printed matter provided here-in, which is the verbatim content of Swamijis’ discourse, will be considerably less, compared to seeing the full video. (b) Moreover referencing and searching for a particular word or topic in the printed format is much easier compared to a vid or audio clip/file. The video is transcribed as part of the research work into the teachings of Swamiji, and the transcription may also be used as reference material related to Sanatana Dharma. Also provided here is the audio clip of this discourse. The time stamp given occasionally within the paragraphs are based on the audio clip given herein.
More Interesting Articles are Available at https//naircommunity.in
ഗുരുവന്ദനം
ശ്രീഹരീം പരമാനന്ദം ഉപദേഷ്ടാരമീശ്വരം
വ്യാപകം സർവ്വ ലോകാനാം
കാരണന്തം ഭജാമ്യഹം
ശങ്കരം ശങ്കരാചാര്യം കേശവം ബാദരായണം
സൂത്രഭാഷ്യ കൃതൗ വന്ദേ ഭഗവന്തൗ പുനഃ പുനഃ
സദാ ശിവ സമാരംഭാം ശങ്കരാചാര്യ മദ്ധ്യമാം
അസ്മദാചാര്യ പര്യന്താം വന്ദേ ഗുരു പരമ്പരാം
ബോധാനന്ദം ചകല്യാണം നിജാനന്ദം ആത്മജം
സച്ചിദാനന്ദം ആത്മജം അച്യുതാനന്ദ ഗുരും
മാതൃസ്മരണ
Audio Clip of the Discourse
അമൃതാത്മാക്കളേ… ശ്രദ്ധേയമായ ഒരു കൺവൻഷൻ… അതില് അനേകം വിഷയങ്ങളെക്കുറിച്ച് പല വർഷങ്ങളായി നിങ്ങൾ പഠിക്കുകയും കേൾക്കുകയും ഒട്ടൊക്കെ അനുഷ്ഠിയ്ക്കുകയും ചെയ്തു വരുന്നവരായിയ്ക്കും… അതുകൊണ്ട് എന്റെ വാക്കുകളിൽ നിങ്ങൾ കേട്ടതിന്റെ ആവർത്തനം തോന്നിയാൽ, ഞാൻ വന്നിരുന്നു കേൾക്കാത്തതു കൊണ്ടാണ് എന്നൊരു അപരാധം കൊണ്ടാണ്… എന്നോർത്ത് എന്നോട് പൊറുക്കണം എന്ന് ആദ്യമായി പറയട്ടെ. ഒരു കൺവൻഷന് … ഒരു സദസ്സില് പ്രഭാഷണത്തിന് ക്ഷണിയ്ക്കുമ്പോൾ …. വരാമെന്ന് ഏല്ക്കുമ്പോൾ… മുൻപ് നടന്ന പ്രഭാഷണങ്ങളെയും അതിലെ വിഷയങ്ങളെയും അതിന്റെ മര്യാദയും അല്പമെങ്കിലും അറിഞ്ഞിട്ടു വേണം വരുവാനും സംസാരിയ്ക്കുവാനും എന്നറിയുന്നതുകൊണ്ട് പരമാവധി പൊതു പ്രഭാഷണങ്ങളിൽ ഇതുവരെ പങ്കെടുക്കാൻ ശ്രമിച്ചിട്ടില്ല. ഇതിന്റെ സംഘാടകർ മുൻപൊരിയ്ക്കൽ വിളിച്ചപ്പോഴും പകൽ ഉള്ള ഏതെങ്കിലും വിഷയത്തിന്റെ ക്ലാസ്സിൽ വരാം…. അതാകുമ്പോൾ കൃത്യമായ ഒരു വിഷയം ഉണ്ടാവും…. അങ്ങിനെയൊക്കെ പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് ചെയ്തിട്ടുള്ളത്. കൃത്യമായി പഠിപ്പിയ്ക്കുകയും കൃത്യമായി ഒരു വഴിയിൽ കൊണ്ടുപോവുകയും ചെയ്യുന്ന സദസ്സുകളിൽ എത്തി.. എന്തെങ്കിലും ഒക്കെ പറയുമ്പോൾ ആ ഏകാഗ്രതയ്ക്കും ആ ശൈലിയ്ക്കും ഒന്നും ഭംഗം വരാതിരിയ്ക്കാൻ നോക്കിയില്ലെങ്കിൽ അത് പരമ്പരയോടു ചെയ്യുന്ന ഒരപരാധമായി പലപ്പോഴും മാറും. എന്റെ വാക്കുകളിൽ എവിടെയെങ്കിലും…. എപ്പോഴെങ്കിലും അത്തരം അബദ്ധങ്ങൾ വന്നു കൂടിയാൽ പൊറുക്കുക…പറ്റിയില്ലെങ്കിൽ എന്നെ മാത്രം ശിക്ഷിയ്ക്കുക …. എന്റെ പാരമ്പര്യത്തെ നിന്ദിയ്ക്കരുതെ എന്ന അപേക്ഷയോടെ ഞാൻ എന്റെ കർത്തവ്യത്തിലേയ്ക്ക് കടക്കാം..
സാപേക്ഷനായ ഈശ്വരൻ….
സനാതന ധർമ്മം സാനതനം എന്ന പേരിന് അർഹമായിരിയ്ക്കുന്നത് ചില മൗലിക മൂല്യങ്ങൾ കൊണ്ടാണ്. നമുക്കറിയാം ഈശ്വരനെയും ഈശ്വരസങ്കല്പങ്ങളേയും വളരെ വിപുലമായി ഭാരതീയർ പല നിലകളിൽ അപഗ്രഥിയ്ക്കുകയും പഠിയ്ക്കുകയും ചെയ്തിട്ടുണ്ട്. അപഗ്രഥിച്ചു ചെല്ലുമ്പോൾ ഇല്ലാതാകുന്നതും… എന്നാൽ പ്രത്യക്ഷത്തില് അനുഭവപ്പെടുന്നതുമായ ഈ ജഗത്ത് …പ്രാതിഭാസികം എന്നു വിളിയ്ക്കാവുന്ന ഈ ജഗത്ത് ….സൃഷ്ടിയ്ക്കുന്നതിൽ സൃഷ്ടികർത്താവായ ഈശ്വരനും സാപേക്ഷനാണ്… അതുകൊണ്ടു തന്നെ ഈശ്വരന്റെ സാപേക്ഷതയെ മുൻനിർത്തി…. ജീവജാലങ്ങളുടെ പ്രജകളുടെ കർമ്മങ്ങളിൽ നിന്നാണ് ഈശ്വരൻ സൃഷ്ടിയെ ചെയ്യുന്നത്. ഏതെല്ലാം കർമ്മങ്ങൾ എത്രത്തോളം ഈശ്വര അർപ്പണമായിരിയ്ക്കുന്നു…നിഷ്കാമമായിരിയ്ക്കുന്നു…. അവ സൃഷ്ടിയ്ക്ക് ഈശ്വരന് അനിവാര്യമാണ്. (5.09 mts) (proof reading done till here)…
സാപേക്ഷത്വം…
സനാതന ധർമ്മത്തെ ലോകത്ത് നിലനിർത്തുവാൻ… പ്രാചീന ആചാര്യന്മാർ ഏറ്റവും ശ്രദ്ധിച്ചത്….. കർമ്മ കൈങ്കര്യത്തില് …. ഈ വസ്തുതയെ എങ്ങിനെ ചേർക്കാമെന്നുള്ളതാണ്. ബ്രാഹ്മസൂത്രം ….പ്രസിദ്ധമായ ഒരു സൂത്രത്തില് …. ഈ സന്ദേശവും നമുക്ക് തരുന്നുണ്ട്…. വൈഷമ്യനൈർഘൃണ്യേ ന സാപേക്ഷത്വാത്തഥാ ഹി ദർശയതി (ബ്രഹ്മസൂത്രം, രണ്ടാമദ്ധ്യായം-പാദം 1, ശ്ലോകം 34, പേജ് 179, സ്വാമി ജ്ഞാനനന്ദസരസ്വതി) …. ഈശ്വരന് മാനവ കർമ്മം അനിവാര്യമായി വരുന്നു…. കേവലനായി അല്ല ഈശ്വരൻ ഈ സൃഷ്ടിയെ നടത്തുന്നത്……. ഒരുപക്ഷെ ഭാരതീയമാണ് ഈ കാഴ്ചപ്പാട്. അതുകൊണ്ട് തന്നെയാണ് ഈ കർമ്മങ്ങളെ ഉപയോഗിക്കുന്ന ഈശ്വരൻ ആപേക്ഷിക പ്രകൃതിയിൽ ദൈവതം എന്ന നിലയിൽ അനുകൂലവും പ്രതികൂലവുമായ രണ്ടു ഭാവങ്ങളെ വച്ച് പുലർത്തുന്നത്. സാമാജികമായ നമ്മുടെ അറിവും … അതിന്റെ വിനിയോഗവും …അതിന്റെ കർമ്മപദ്ധതികളും…. ഫലത്തിൽ വരുമ്പോൾ ചിലത് വിജയിയ്ക്കുക….ചിലത് വിജയിയ്ക്കാതിരിയ്ക്കുക…. ചിലർ വിജയിയ്ക്കുക …ചിലർ വിജയിയ്ക്കാതിരിയ്ക്കുക…. ചിലപ്പോൾ വിജയിയ്ക്കുക ….ചിലപ്പോൾ വിജയിയ്ക്കാതിരിയ്ക്കുക…. എന്നെ ശ്രവിയ്ക്കുന്ന നിങ്ങൾ എല്ലാം തന്നെ നിങ്ങളുടെ കുട്ടികളെ വളർത്തുമ്പോൾ നോക്കിയാലും അറിയാം. വളരെ പഠിപ്പിച്ചു….വളരെ ഉന്നത നിലയിൽ പരീക്ഷയും പാസ്സായി…. അത്രയും ഉന്നത നിലയിൽ അല്ലാത്തവർക്ക് തൊഴിൽ ലഭിയ്ക്കുക… ചിലർക്ക് കിട്ടാതെ വരിക… ഇതൊക്കെ വരുമ്പോൾ എങ്കിലും ഇതിന്റെ കാരണം പ്രാചീനരാണെങ്കിൽ അന്വേഷിയ്ക്കും. കാരണം രണ്ട് കരണങ്ങളുടെ സംയോഗമാണ് ഫലത്തിലുള്ള സിദ്ധി… ഒന്ന് പുരുഷാകാരത്തിന്റേയും ഒന്ന് ദൈവത്തിന്റേയും.
വിമിർശ്യകരണവും ക്ഷ്രിപ്രകരണവും….
സൃഷ്ടികർത്താവായ മഹാപ്രഭു പ്രപഞ്ച സൃഷ്ടിയെ ചെയ്യുമ്പോൾ പ്രജാപതി…. ജീവികളുടെ ഏതേത് കർമ്മങ്ങളെയാണ്….സ്വീകരിക്കുന്നത് എന്നുള്ളതിന്റെ അടിസ്ഥാനത്തിൽ …വ്യഷ്ടിയിലും സമഷ്ടിയിലും… അനുകൂലവും പ്രതികൂലവുമായ രണ്ട് ഭാവങ്ങൾ ഉണ്ടാവും. അതുപോലെ തന്നെ പുരുഷ പ്രയത്നത്തിനും രണ്ട് ഭാവങ്ങൾ ഉണ്ട്. വിമിർശ്യ കരണവും ക്ഷിപ്ര കരണവും. വിമിർശ്യ കരണം വേണ്ടത്ര ആലോചിച്ച് ….കാലം….. ശബ്ദമയി ആയിരിയ്ക്കുന്ന അറിവ്…. ഐന്ദ്രികമായിരിയ്ക്കുന്ന വിഷയ ബന്ധം…. അർത്ഥം…കാലം…അർത്ഥം… അതിന്റെ വിനിയോഗമായി വരുന്ന കർമ്മേന്ദ്രിയങ്ങളുടെ പൂർണ്ണത… ഇടപാടുകൾ… അതിന്റെ ക്രിയ … പദ്ധതി അതിന്റെ ബാഹുല്യം… ഇവയൊക്കെ സാമ്പ്രദായികമായ മര്യാദയിൽ തന്റെ ഗോത്ര സംസ്കൃതിയ്ക്കും… താൻ ഏത് വൈദിക സൂത്രത്തെ അവലംബിച്ചാണോ ജീവിയ്ക്കുന്നത് ആ പാരമ്പര്യത്തിനും …ധർമ്മത്തിന് ലോപം വരാതെയും…
ധർമ്മമാണ് പ്രജയെ ഭരിയ്ക്കുന്നത്…. ലോപം വരുമ്പോൾ എല്ലാം. … പ്രജാപരിപാലനം എന്ന ധർമ്മം…. ജീവപരിപാലനം എന്ന ധർമ്മം… പ്രജകൾ തമ്മിലുള്ള അകൽച്ചയിൽ മാറും. ( പ്രജകൾ തമ്മിലുള്ള അകൽച്ചയിൽ ധർമ്മ ലോപം ഉണ്ടാകും എന്നാണ് സ്വാമി ഉദ്ദ്യേശിക്കുന്നത് ) ….പ്രകർഷേണ ജായമാനമായതു കൊണ്ട് ഭാരതീയ ചിന്തയെ സംബന്ധിച്ചിടത്തോളം ആദിത്യനും ചന്ദ്രനും എല്ലാം പ്രജയാണ്. (10.24 mts)… ആധുനിക പഠനങ്ങളിൽ പരിനിഷ്ണാതരായ നിങ്ങൾക്ക്…..എത്രത്തോളം അത് സ്വീകരിയ്ക്കാനാവും എന്നറിയില്ല. അവയെല്ലാം തമ്മിലുള്ള താളമാണ് തെറ്റുന്നത്. സസ്യങ്ങളും ജന്തുക്കളും വായുവും ജലവും…എല്ലാം തമ്മിലുള്ള പാരസ്പര്യവും …. അവയുടെ ദേവതകൾ തമ്മിലുള്ള സംവേദനവും… സഹകരണവും വിമിർശ്യ കരണം കൊണ്ടാണ്… നിലനില്ക്കുന്നത്. ആധുനിക ലോകം ക്ഷിപ്ര-കരണത്തിൽ വിശ്വസിയ്ക്കുന്നു. ഒരു കാര്യം ആലോചിയ്ക്കുമ്പോൾ തന്നെ ചെയ്തു തീർക്കണമെന്ന് ചിന്തിയ്ക്കുന്നതാണ്…. അങ്ങിനെ ഒരു ചോല്ലു തന്നെ നമ്മുടെ ഇടയിൽ ഉണ്ടായിട്ടുണ്ട്…(ഉമ്മൻ ചാണ്ടിയുടെ അതിവേഗം ബഹുദൂരം) ഏത് തോന്നുന്നുവോ അത് പെട്ടെന്ന് ചെയ്യുക. കാലത്തെയും, അർത്ഥത്തെയും, കർമ്മത്തെയും… അതിന്റെ ഊന-മിഥ്യാ-അതിയോഗങ്ങൾ വരാതെ….ഊന-മിഥ്യാ-അതിയോഗങ്ങൾ വരുമ്പോൾ അവ ബുദ്ധി വിഭ്രമം, സംജ്ഞാ വിഭ്രമം,… ഇച്ഛാ വിഭ്രമം,…സ്വഭാവ വിഭ്രമം, ക്രിയാ വിഭ്രമം എന്നിങ്ങനെ വിഭ്രമങ്ങളുടെ ലോകങ്ങളിലൂടെയാണ് കടന്നുപോകുന്നത്. സമയം കിട്ടുമെങ്കിൽ അവ ഒരടുക്കിൽ പറഞ്ഞിട്ട് നമുക്ക് പുറകേ കാണാം… (12.30 mts)….
ആധുനിക ലോകം …പ്രത്യേകിച്ച് ആധുനിക വിദ്യാർത്ഥികൾ ….ഏറ്റവും അധികം വിഷമിയ്ക്കുന്നത് ഈ വിഭ്രമങ്ങളിലൂടെയാണ്. … മുതിർന്നവരുടെ കാര്യവും കുറച്ചല്ല. അതിലെ ഇച്ഛാ വിഭ്രമത്തിന്റെ ലോകം വളരെ വിപുലമാണ്. ഇച്ഛാഭംഗത്തിൽ വച്ചാണ് ആധുനികരിൽ ഭക്തി ജനിയ്ക്കുന്നത്… എന്നതു വസ്തുതയാണ്. മധുസൂദന സരസ്വതിയോ ….. മീരയോ …പരമഭക്തനായ ചൈതന്യ മഹാപ്രഭുവോ വന്ന പന്ഥാവിലൂടെയല്ല…. ആധുനികരിലധികവും… അതൊരു ഇച്ഛാ വിഭ്രമത്തിന്റെയും ക്രിയാകലാപത്തിന്റെയും ലോകങ്ങളിലൂടെയാണ് രൂപാന്തരപ്പെട്ടുവരുന്നത്. അതിന്റെ പരിണാമം നാം ചിന്തിയ്ക്കുന്നതിൽ ഒക്കെ വളരെ കൂടുതലാണ്.
അതുകൊണ്ട് വൈദികി ദൈവത്തെയും പുരുഷപ്രയത്നത്തെയും രൂപപ്പെടുത്തുമ്പോൾ എത്രത്തോളം ദൈവ ആനുകൂല്യവും …പ്രതികൂലമല്ല… അനുകൂലവും… മാനവ പ്രയത്നത്തിന്റെ വിമർശ്യകരണവും…. സംയോജിയ്ക്കുന്നു… അവിടെയെല്ലാം…. വ്യഷ്ടിയിലും(വ്യക്തിയിലും) സമഷ്ടിയിലും… ശാന്തിയുണ്ടാവുകയും സനാതനമായ സത്യം അവിടെ നിലനില്ക്കുകയും ചെയ്യും… സനാതന സത്യ സംപ്രേക്ഷണത്തിന് വൈദികിയുടെ ഈ ഒരറിവ്…. അനിവാര്യമാണെന്ന് പൂർവ്വാചാര്യന്മാർ നമ്മെ ഉദ്ബോധിപ്പിയ്ക്കുന്നു…. ഈ അറിവുകൾക്കുള്ള ആഗരമാണ് വേദങ്ങളും ശാസ്ത്രങ്ങളും വേദാംഗങ്ങളും…. എന്നു പറയപ്പെടുന്നു. അതില്…ശാബ്ദികമെന്നും ക്രിയാപരമെന്നും അല്ലെങ്കിൽ വിനിയോഗപരമെന്നും…. രണ്ടായി വൈദികിയെ തിരിയ്ക്കുമ്പോൾ ശാബ്ദികത്തിന് പ്രഥമഥാ പ്രാധാന്യം കൂടുകയും…. എന്നാൽ വിനിയോഗ പദ്ധതിയ്ക്ക്…. പിന്നീട് അതിനേക്കാൾ പ്രാധാന്യം വരുകയും ചെയ്യുന്നു…. ഭാരതീയ സംസ്കൃതിയുടെ മുന്നേറ്റത്തിൽ ഒന്നിനെക്കാൾ മെച്ചമാണ് എന്ന് പറയുമ്പോൾ അതിന് മുമ്പുള്ളത് മോശമാണ് എന്നല്ല അർത്ഥം. സമഗ്രപഠനങ്ങളിൽ ഒന്നും. വിഷയത്തിന്റെ താല്പര്യം ജനിപ്പിയ്ക്കുന്നതിനു വേണ്ടി.. അതുകൊണ്ടാണ്… ശ്രുതി സ്മൃതികളെ ഒക്കെ പഠിയ്ക്കുമ്പോൾ…. അതിന്റെ പാരമ്പര്യ തലങ്ങളിൽ നിന്ന്….. പഠിച്ചിരിയ്ക്കണമെന്ന് ആചാര്യന്മാർ നിർബന്ധിയ്ക്കുന്നത്.
അപഗ്രഥനാത്മകം : Analytical – An intellectual Exercise…
അല്ലെങ്കിൽ… ഒരു വാക്കിനെ എടുത്ത് അപഗ്രഥനാത്മകമായ ലോകങ്ങളിലൂടെ …. വിശ്വാസമില്ലാതെ നാം കടന്നുപോകും. പലപ്പോഴും… പാശ്ചാത്യ പഠനക്രമത്തിന്റെ രീതി അപഗ്രഥനാത്മകമാണ്. Analytical … മിക്കവാറും ആധുനികരുടെ വിദ്യാഭ്യാസം ഏറിയ കൂറും നടന്നിട്ടുള്ളത്…. ആധുനിക വിദ്യാഭ്യാസ രീതിയിൽ ആയതുകൊണ്ട്… ആ മനദണ്ഡങ്ങളിലൂടെയും ആ രീതീ വിധാനങ്ങളിലൂടെയും ആയിരിയ്ക്കും… നാം പ്രാചീന പഠനങ്ങളെ സമീപിയ്ക്കുക. പാശ്ചാത്യർ ആ മാർഗ്ഗമാണ് തുറന്നുവച്ചതും. അനുഭവത്തിനു വേണ്ടിയല്ല. സത്യസാക്ഷാൽക്കാരത്തിനു വേണ്ടിയും അല്ല. മസ്തിഷ്ക്കത്തിന് ഒരു വിനോദമെന്ന നിലയിലാണ്. As an intellectual exercise. ആ തലത്തിലാണ് നാം ഇന്ന് പലപ്പോഴും… പ്രാചീനങ്ങളായ ഈ ഗ്രന്ഥങ്ങളെ കാണുന്നത്. അല്ലാതെ കാണുന്നതിന് ഉള്ള ഒരു പദ്ധതി … പ്രാചീനർ ശക്തമായി രൂപപ്പെടുത്തിയിട്ടുണ്ട്.
ശിക്ഷ, വ്യാകരണം, ഛന്ദസ്സ്…..
വൈദികിയുടെ ശബ്ദ ലോകങ്ങളെ …ശാബ്ദീക മണ്ഡലത്തെ… ആനുഭൗതികമായി അറിയുന്നതിന്… ശിക്ഷ.. വ്യാകരണം..ഛന്ദസ്സ്….. എന്ന് മൂന്ന് ശാസ്ത്രങ്ങളെ നമ്മൾക്ക് തന്നിട്ടുണ്ട്…. എത്രയും വേഗത്തിൽ … നിങ്ങളീ ഒത്തു കൂടുന്നവരും. … ഇത്രയും പേരെ സമ്മേളിപ്പിയ്ക്കുവാൻ കഴിഞ്ഞ…. ബഹുമാന്യരായ ആചാര്യന്മാരും…. ഇതൊരു വലിയ വിജയമാണ്. ചെറുതല്ല…വളരെ ചെറിയൊരു ന്യൂനപക്ഷം കാത്തുസൂക്ഷിച്ചതാണ് സനാതന ഭാരതി. അത് അവരുടെ അനുഷ്ഠാനമായി സൂക്ഷിച്ചതാണ്. കാലത്തിന്റെ ഭാഗ്യം കൊണ്ട്… അതിന്ന് വളരെയധികം ആളുകൾക്ക് ആവേശമായി മാറിയിട്ടുണ്ടാവും… അനുഭവമായി എത്ര മാറുന്നു എന്നത് എനിയ്ക്ക് അറിയില്ല. അതിനെ അളക്കാൻ മാനദണ്ഡങ്ങളില്ല. ആവേശമായി മാറുന്നു എന്നുള്ളത് നിങ്ങളെ കാണുമ്പോൾ തന്നെ അറിയാം.
സനാതന ധർമ്മ പ്രഭാഷണത്തിന് വേണ്ടുന്ന അറിവ് ഇല്ലാതായിരിയ്ക്കുന്നു
സ്വാമിജി പറഞ്ഞെങ്കിലും നിങ്ങളുടെ സദസ്സ് ചെറുതല്ലെന്ന് ഞാൻ വിചാരിക്കുന്നു. (20.06 mts) (proof reading done till here) . കാരണം എല്ലായിടത്തും ആയിരമായിരം പരിപാടികൾ ….ജാതീയമായും മതപരമായും വർഗ്ഗപരമായും വർണ്ണപരമായി നേതൃപരമായി സംഘടിപ്പിച്ചുകൊണ്ടിരിയ്ക്കുമ്പോൾ അതൊക്കെ പലതരം പ്രതിബദ്ധതയ്ക്കിടയിൽ നിങ്ങൾ എത്തിച്ചേരാൻ ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് എന്റെ തോന്നൽ. എന്നിരുന്നാലും ഇന്ന് സനാതന ഭാരതി അതിലെ ചെറിയ ഒരു പക്ഷം … ഒരു ന്യൂനപക്ഷം… അവരതിന്റെ ശാബ്ദിക മണ്ഡലവും അതിന്റെ വിനിയോഗ മണ്ഡലവും ഗോത്രപരമായി സംരക്ഷിച്ചു പോന്നു എങ്കിൽ നമുക്ക് ഏറ്റവും അധികം നഷ്ടം വന്നിട്ടുള്ളത്… അത് നഷ്ടപ്പെടുന്നു എന്നുള്ളതാണ്. എന്റെ അറിവ് ശരിയാണെങ്കിൽ ചുരുങ്ങിയത് ഒരു മുപ്പത് മുപ്പത്തഞ്ച് വർഷമായി … വൈദിക പഠനം അതിന്റെ സമഗ്രതയിൽ ഇന്ന കേരളത്തിൽ ഇല്ല എന്നുള്ളതാണ്. ഞാൻ പറഞ്ഞ രീതിയിൽ…. വളരെ പണ്ഡിതന്മാരായ അൻപത് അറുപത് എഴുപത് വയസ്സുകൾക്ക് മേലുള്ള ആളുകളെ മാറ്റി നിർത്തിയാൽ … ഈ വിഷയങ്ങളെക്കുറിച്ച് ഒക്കെ …. ഒരു പ്രഭാഷണം ചെയ്യാൻ അറിയാവുന്നവർ ഉണ്ടാവും… അതൊരു വിജയമാണെന്ന് അതിന്റെ സൂക്ഷ്മപഠനങ്ങളിൽ കരുതാൻ വയ്യ. അതുകൊണ്ട് ആശ്രമങ്ങളും വൈദികരും വളരെ ശ്രദ്ധേയമായി …കാലവും ഈ കാലഘട്ടത്തിലെ ഭരണ സംവിധാനങ്ങളും, പൈതൃകത്തിനു വേണ്ടി പാശ്ചാത്യർ മുടക്കുന്ന പണം മുഴുവൻ വാങ്ങിച്ചു കൂട്ടുമ്പോഴും… പൈതൃക സംപ്രേഷണത്തിന് ശക്തരാകുന്നില്ല എന്നത് വസ്തുതയാണ്. സൂക്ഷ്മമായി പഠിച്ചാൽ…… ധാരാളം പണമാണ് ആ നിലയില് ചെലവാക്കിക്കൊണ്ടിരിയ്ക്കുന്നത്.
ഗൗതമന്റെ ന്യായ ശാസ്ത്രം, കണാദന്റെ വൈശേഷികം
പലപ്പോഴും നാം കേൾക്കുന്നത്…. വേദാംഗ പഠനങ്ങൾ നടക്കുന്നിടത്ത് …പുരാണം ന്യായ മീമാംസ, ന്യായം എന്നു പറയുമ്പോൾ ഗൗതമന്റെ ന്യായ ശാസ്ത്രവും കണാദന്റെ വൈശേഷികവും…. ഒന്നും ആ പഠനത്തിന്റെ പട്ടികയിലേയ്ക്ക് വരുന്നില്ലെന്നാണ് എന്റെ തോന്നൽ.
പുരാണങ്ങൾ വേദനിഷേധത്തിനായി ഉപയോഗിയ്ക്കുന്നു…
പകരം പുരാണങ്ങള് ഇന്ന് വളരെ പ്രസിദ്ധങ്ങളായി വരുന്നുണ്ട്. പുരാണങ്ങളുടെ പഠനങ്ങളിൽ എവിടെയെങ്കിലും പ്രോത്സാഹനീയമായി പറഞ്ഞിരിയ്ക്കുന്ന കാര്യങ്ങളെ എടുത്ത് വേദ നിഷേധത്തിന് ഒരുങ്ങുന്നു എന്നുള്ളത് ശ്രദ്ധിച്ചു നോക്കിയാൽ മനസ്സിലാകും.
ശ്രുതിയെ നിഷേധിച്ചുകൊണ്ട് സനാതന ധർമ്മ പ്രചരണത്തിൽ ഏർപ്പെടുന്നു…
ധർമ്മജിജ്ഞാസമാനാനാം പ്രമാണം പരമം ശ്രുതി എന്നാണ് സ്മൃതികാരന്മാർ എല്ലാം പറഞ്ഞിട്ടുള്ളത്. ശ്രുതിയിലേതല്ല. സ്മൃതിയിലേതല്ല…. പരമ പ്രമാണമായ ശ്രുതിയെ നിഷേധിച്ചുകൊണ്ടാണ്…. അൻപതിനായിരവും അറുപതിനായിരവും ആളുകൾ കൂടുന്ന പല സദസ്സുകളിലും…. സന്ധ്യാവന്ദനം വിളക്കു കൊളുത്തലുകൾ ഒന്നും അരുതെന്ന് തന്നെ സ്പഷ്ടമായി പലപ്പോഴും പറയുന്നതാണ് കേട്ടുവരുന്നത്. അതിനെ ഒക്കെ ഭാരതീയമെന്നും സനാതനമെന്നുമാണ് നമ്മള് കരുതിപ്പോരുന്നത്. ഇതിനു കാരണം അതിന്റെ മൗലിക മൂല്യങ്ങൾ അറിയാതെ പാശ്ചാത്യ ശാസ്ത്ര പഠിപ്പിന്റെ അടിസ്ഥാനത്തിൽ ഇതിലെ വായ് മൊഴികളെ വ്യാഖ്യാനിയ്ക്കുന്നു എന്നുള്ളതാണ് വസ്തുത. മറിച്ചൊരു പഠനത്തിന്റെ ആവശ്യം ഇല്ലെന്നുമായി വരുന്നു. ഇവയെ നിലനിർത്തിയ പാരമ്പര്യ പഠന രീതികളോട് നീതിപുലർത്തുമ്പോൾ വളരെ കുറച്ചു പേർ പഠിച്ചാലും സനാതന ധർമ്മം നിലനില്ക്കും.
മണ്ടന്മാർ സനാതനധർമ്മം പഠിച്ചിട്ട് പ്രയോജനമില്ല….
ഞാൻ തെല്ലൊന്നു നിർത്തിയിട്ട് പറയട്ടെ…. അപ്പോഴാണ് കൂടുതൽ നിലനില്ക്കുക. എന്റെ വാക്കുകൾ നിങ്ങൾക്ക് ഇഷ്ടപ്പെടുമോ എന്ന് എനിയ്ക്ക് അറിയില്ല. ആയിരം മണ്ടന്മാർ പഠിയ്ക്കുന്നതിനെക്കാൾ ഉത്തമമാകുന്നത് ഒരു പണ്ഡിതൻ പഠിയ്ക്കുന്നതാണ്. (25.25 mts) അതിന്റെ ജന്മപാരമ്പര്യങ്ങളിൽ വളരെ കൃത്യമായി … കാരണം അതിനെ നിന്ദിയ്ക്കില്ല …വിശ്വസിയ്ക്കും… അതിനനുസരിച്ച് ജീവിയ്ക്കാൻ ശ്രമിയ്ക്കും. കാരണം എല്ലാം പഠിച്ചിട്ട്…. നിങ്ങൾക്കിത് അനുഷ്ഠിയ്ക്കാൻ ആവില്ല.
ഗീതയെ സ്മൃതിയായോ ശ്രുതിയോയോ കരുതാം
ഭാരതീയ തത്ത്വചിന്ത മുഴുവൻ പഠിച്ച് കഴിഞ്ഞ് ഒരാൾ അനുഷ്ഠിയ്ക്കാമെന്ന് വിചാരിച്ചാൽ ഈ ജന്മത്ത് നടക്കില്ല. അനേക ജന്മസിദ്ധമായ അറിവിനെ അല്പം പഠിയ്ക്കുമ്പോൾ… സ്വല്പ അല്പസ്യ ധർമ്മസ്യ …. ത്രായതേ മഹതോ ഭയാത്…. എന്ന് സ്മൃതിയിൽ … എന്ന നിലയിൽ ഗീതയെ എടുക്കുന്നവർക്ക് അങ്ങിനെ… ഉപനിഷത് സു എന്ന നിലയിൽ ശ്രുതി എന്ന നിലയിൽ ഗീതയെ എടുക്കുന്നവർക്ക് അങ്ങിനെ…. വിശ്വസിയ്ക്കാം. അതുകൊണ്ട് അല്പം പഠിച്ചാൽ ആ പഠിച്ചത് അധീതമായത് ആചരിയ്ക്കുകയും അതിനെ പ്രവചിയ്ക്കുകയും ചെയ്തണം…
സ്വാദ്ധ്യായവും പ്രവചനവും
സ്വാദ്ധ്യായവും പ്രവചനവും നിർത്തരുതെന്നാണ്. മണ്ഡനമിശ്രനോടും പ്രഭാകരമിശ്രനോടും നമുക്ക് യോജിച്ചു നിന്നുകൊണ്ട് പറയാം…. ഒരാൾ സ്വാദ്ധ്യായം നിർബന്ധമാണെന്നും…. പ്രവചനം നിർബന്ധമല്ലെന്നും പറയുമ്പോൾ …. മറ്റേയാൾ… പ്രവചനമാണ് നിർബന്ധം…സ്വാദ്ധ്യായം നിർബന്ധമല്ലെന്നു പറയുന്ന ആളാണ്. (27.13 mts)
ശബ്ദത്തിനു പ്രാധാന്യം നല്കുന്ന സംസ്കാരം.
രണ്ട് ആശയങ്ങളേയും ശ്രുതിയെ അവലംബിച്ചുകൊണ്ട് …..തൈത്തരീയ ശ്രുതിയെ അവലംബിച്ചുകൊണ്ട്…. രണ്ടുമില്ലാതെ ഇരിയ്ക്കരുത് എന്ന് തീരുമാനിയ്ക്കാം… അതിന് ഒരുങ്ങുമ്പോൾ ശാബ്ദിക ബ്രഹ്മത്തെ …കാരണം ശബ്ദത്തിന് വലിയ പ്രാധാന്യം ഉണ്ട്… ഒരു ശബ്ദത്തില് ഒരു വാക്കില് ശബ്ദം ഇരട്ടിയ്ക്കുന്നത് എവിടെയാണ്… അതിന്റെ ഹ്രസ്വമെങ്ങിനെ …ദീർഘമെങ്ങിനെ ….പ്ലുതം എങ്ങിനെ… ഇതൊക്കെ പഴയ ആളുകൾ വളരെ ശ്രദ്ധിച്ചിരുന്നു. ഇന്നു നമ്മൾക്ക് പലപ്പോഴും നമ്മുടെ ആധുനിക വിദ്യാഭ്യാസ രീതി അനുസരിച്ച് അക്ഷരവ്യക്തത തന്നെ അനിവാര്യമല്ല. അതുകൊണ്ട് ഒട്ടേറെ ശ്രോതോ രോഗങ്ങളും…. നാഡീ രോഗങ്ങളും …ധമനീ രോഗങ്ങളും നമ്മുടെ ഇടയിൽ വർദ്ധിച്ചു വരികയാണ്. മുമ്പ് ഇല്ലാത്തവിധം.
കല്പശാസ്ത്രം, നിരുക്തം
ശാബ്ദിക പ്രപഞ്ചം വളരെ വിപുലമാണ്. അതുകൊണ്ട് കുറഞ്ഞ വ്യാകരണ നിയമങ്ങളെയും അത്യാവശ്യമെങ്കിലും ശിക്ഷാ ശാസ്ത്രത്തെയും വൈദികിയ്ക്കുവേണ്ടിയാണ് പണ്ടുള്ളവർ ഇത് പഠിച്ചത്. വൈദികിയുടെ പഠനം നിലച്ചപ്പോൾ ആറ് ശാസ്ത്രങ്ങളുടെയും പഠനം നിലച്ചു. ശാസ്ത്രങ്ങൾ പഠിയ്ക്കുന്നില്ലെങ്കിൽ വൈദികി അതിന്റെ ശബ്ദ ലോകത്തും അതിന്റെ വിനിയോഗ ലോകത്തും നിലനിർത്തുവാൻ പ്രയാസം വരും. എങ്ങിനെയാണ് ഈ ശബ്ദങ്ങളെ വിനിയോഗിയ്ക്കേണ്ടത് എന്ന് പഠിപ്പിയ്ക്കുന്നത് കല്പശാസ്ത്രമാണ്. അതിന്റെ ഉള്ളറയിലെ രഹസ്യം എന്താണെന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്നത് നിരുക്തമാണ്. നിരുക്തത്തിന് യാസ്കമഹാചാര്യന്റെ ഭാഷ്യവും നമുക്കുണ്ട്. അതിനുള്ള കാലം വൈദികിയെ ഉപയോഗിയ്ക്കുന്നതിനുള്ള കാലം… കൃതിക…പൗർണ്ണമാസം…ദർശം…ഇവയൊക്കെ കൃത്യമായി അറിയുന്നതിനാണ്… നാം ഇന്ന് അതിനല്ല ഉപയോഗിയ്ക്കുന്നത്.
ജ്യോതിഷ്യം
ഇന്ന് അത്ര ഫലമൊന്നും തരില്ലാത്ത… വ്യക്തിയുടെ ഭാവിപ്രവചനത്തിനാണ് നാമിന്ന് ജ്യോതിഷ്യം ഉപയോഗിയ്ക്കുന്നത്. അതുകൊണ്ട് അതിൽ വരുന്ന തെറ്റുകളെ ചൂണ്ടിക്കാണിച്ചുകൊണ്ട് തർക്കവിതർക്കങ്ങൾക്ക് ഇഷ്ടം പോലെ chance ഉണ്ട്. അതിനെ അതിന്റെ സനാതനമായ മൂല്യത്തിന് ഉപയോഗിച്ചിരുന്ന വൈദികരീത്യാ ഈ ശാസ്ത്രങ്ങളെയും അതിന്റെ വിപുലമായ അംശങ്ങളെ തിരിച്ചറിയുവാൻ പാകത്തിന് വേദാംഗങ്ങളെയും – പുരാണത്തെയും ഇതിഹാസത്തെയും ന്യായത്തെയും മീംമാസയേയും …സ്മൃതികാരൻ അങ്ങിനെയാണ് പറയുന്നത് … ന്യായം എന്നു പറയുമ്പോൾ വൈശേഷികം കൂടി ചേരുമെന്ന് ഓർത്തുകൊള്ളുക. ചേർത്തുവച്ച് പഠിയ്ക്കണ്ടതിലേയ്ക്ക് നാം ഈ ജിജ്ഞാസയെ കൊണ്ടുപോകേണ്ട കാലം ആയിരിയ്ക്കുന്നു.
പുതതലമുറയുടെ അധമ മനോഭാവം ????
പരമാവധി കുടുംബങ്ങളിൽ അനൗപചാരികമായ ഈ ഒരു വിദ്യാഭ്യാസ സങ്കേതത്തിന് നാം ഇതുവരെ ജീവിതത്തില് എവിടെയെങ്കിലും വിജയിച്ചുവെങ്കിൽ എവിടെയെങ്കിലും ഭാരതീയർക്ക് പ്രാധാന്യം ലഭിച്ചുവെങ്കിൽ അതിന്ന് കുറഞ്ഞുവരുന്നുണ്ടോ എന്നു നോക്കണം. ലോകമാതൃകയിൽ …. ഹൈന്ദവ സനാതന ധർമ്മത്തിന്റെ പുത്തൻ __ (word not clear, 32.38 mts) ….പുതിയ ശിശുക്കൾക്ക് ലോകജീവിതത്തിൽ എവിടെയെങ്കിലും അവസരം കുറഞ്ഞുവരുന്നുണ്ടോ ….. സ്വയം …. അധമ മനോഭാവം ഉടലെടുക്കുന്നുണ്ടോ …. ഇന്നലെ വരെ ഉടലെടുക്കാതിരുന്നത് പിതൃപിതാമഹന്മാർ പഠിച്ചതിന്റെ തുടർച്ച ബീജത്തിലൂടെ നിലനിന്നിരുന്നതിന്റെ ധൈര്യവും സ്ഥൈര്യവുമായിരുന്നുവോ …. ആ സ്ഥൈര്യ-ധൈര്യാദികൾ കുറയുന്നത് പാരമ്പര്യാധിഷ്ഠതങ്ങളായ പഠനങ്ങളെ കുറച്ചുതുകൊണ്ടായിരിയ്ക്കുമോ….
വിമിർശ്യകരണം vis-a-vis ക്ഷിപ്രകരണം
പല കാര്യങ്ങളിലും ബുദ്ധിമാന്മാരും ഉൽപതിഷ്ണുക്കളും അധുനാധുനന്മാരുമായ നമുക്ക്, പലപ്പോഴും മാനസികമായും ശാരീരികമായും സാമൂഹികമായും ഇത്രയധികം പ്രവർത്തനങ്ങൾ നടത്തിയിട്ടും പിന്നോക്കാവസ്ഥ വരുന്നു എങ്കിൽ, നേരെ നിന്ന് കാര്യം പറയുവാനുള്ള ശക്തി കുറഞ്ഞു വരുന്നു എങ്കിൽ …. നമ്മുടെ ഇന്നത്തെ രീതികളുടെ ഒന്നും കുറവല്ല… ദൈവ ആനുകൂല്യത്തിന്റെ ഒരു കുറവ് ഉണ്ട്… എന്ന് തിരിച്ചറിയേണ്ടതാണ്. അത് പാരമ്പര്യ പ്രതിഷ്ഠിതമായ പ്രവർത്തന രംഗത്ത് ഉപയോഗിയ്ക്കേണ്ട വിമിർശ്യ കരണവും …ക്ഷിപ്ര കരണത്തെ മാറ്റി…. കാലാർത്ഥ കർമ്മങ്ങളെ സംയോജിപ്പിച്ച് മര്യാദാ മസൃണമായി വൈദികി പറഞ്ഞിട്ടുള്ളത് അനുസരിച്ച് വിജയത്തിന് നമ്മുടേതായ പദ്ധതികൾ …ക്ഷിപ്രകരണത്തിലൂടെ നമ്മുടെ ബോധത്തിലുദിപ്പിയ്ക്കുന്നതിനു പകരം പാരമ്പര്യ നിഷ്ഠമായി …മറ്റേത് അനേകം… അനേകം വൈയക്തിക സ്വരൂപങ്ങളെ സൃഷ്ടിയ്ക്കുവാനേ കഴിവുള്ളൂ…..
നാം അറിയുന്നവർ ഒക്കെ പൂർവ്വാചാര്യന്മാർ വ്യക്തി സ്വരൂപത്തെ മറക്കുകയും, നാമരൂപങ്ങളെ ഉപേക്ഷിയ്ക്കുകയും, ദേശകാലങ്ങളെ അതിവർത്തിയ്ക്കുകയും, സമഷ്ടിപുരുഷനായ ഈശ്വരനിൽ തങ്ങളുടെ സമസ്ത കർമ്മങ്ങളെയും സമർപ്പിയ്ക്കുകയും ചെയ്തവരാണ്. ഭഗവദ് ഗീതയുടെ രണ്ടാം അദ്ധ്യായം 48-ആം ശ്ലോകമാണെന്ന് തോന്നുന്നു… എണ്ണത്തിൽ ഒക്കെ തെറ്റും… എണ്ണം ഞാൻ ഒരു രസത്തിന് പറയുന്നതാണ്…. പ്രഭാഷണത്തിൽ ഒക്കെ ശ്ലോകത്തിന്റെ എണ്ണം ഒക്കെ ഞാൻ പറയുമ്പോൾ അത്രയൊക്കെ ഓർമ്മയുണ്ട് എനിയ്ക്കെന്ന് നിങ്ങൾക്ക് തോന്നിയാൽ കേൾക്കാൻ ഒരു സുഖമുണ്ടാകും എന്ന് വിചാരിച്ചിട്ടാണ്. അതിൽ പിന്നീട് നോക്കുമ്പോൾ തെറ്റ് പറ്റിയെങ്കിൽ എന്നോട് പൊറുക്കുക.
ഗീത 2:48 – ഈശ്വര അർപ്പണം
രണ്ടാം അദ്ധ്യായം നാല്പത്തിയെട്ടാം ശ്ലോകമാണെന്നാണ് എന്റെ ഓർമ്മ. യോഗസ്ഥഃ കുരു കർമ്മാണി സംഗം ത്യക്ത്വാ ധനഞ്ജയാ … സിദ്ധ്യയസിദ്ധ്യോഃ സമോ ഭൂത്വാ സമത്വം യോഗ ഉച്യതേ… അതില് ആ കർമ്മം ചെയ്യേണ്ടതിനെ പറയുമ്പോൾ മഹോന്നതനായ ഭാഷ്യകാരൻ ഈശ്വരാർപ്പണപൂർവ്വം എന്നൊരു പദമാണ് ഉപയോഗിച്ചിരിയ്ക്കുന്നത്. ഞാൻ നേരത്തെ പറഞ്ഞതുപോലെ അദ്ദേഹത്തിന്റെ ഓർമ്മയിൽ ബ്രഹ്മസൂത്ര ഭാഷ്യം കടന്നുവന്നിരുന്നുവോ … എന്ന സംശയം വച്ചാണ് ഞാൻ ആദ്യത്തെ ഭാഗം പറഞ്ഞത്.
ജീവികളുടെ കർമ്മം ഭഗവാന് ആവശ്യമാണ്…..
ജീവികളുടെ കർമ്മം ഭഗവാന് ആവശ്യമാണ്. നമ്മുടെ എല്ലാ കർമ്മവും ഭഗവാന് ആവശ്യമാണ്. സ്വ-സ്വത്വ നിവൃത്തി … പര സ്വത്വ ആപാദനമാണ് ദാനം. ഏതൊക്കെ കർമ്മങ്ങളിൽ നമ്മുടെ കർതൃത്വം അറിവുകൊണ്ട് ഇല്ലാതായി…. കർമ്മത്തിന് .. അധിഷ്ഠാനം.. കർത്താവ് …കരണം…ചേഷ്ട… ദൈവം… അധിഷ്ഠാനം നമ്മുടെയല്ല. ഒരു കർമ്മത്തിലും. ജീവസൃഷ്ടിപരമായി നമ്മൾ കർമ്മത്തിൽ ഉപയോഗിയ്ക്കുന്നത്…. അല്പം കർത്തൃത്വ ബുദ്ധിയും കരണങ്ങളുടെ കുറച്ചു ഭാഗങ്ങളും ചേഷ്ടയുമാണ്. ബാക്കിയൊക്കെ ഈശ്വരസൃഷ്ടിയിൽ നിന്ന് എടുത്തതാണ്.
പൂർവ്വാചാര്യന്മാരുടെ മതം
തിഥി അറിയിയ്ക്കാതെ തന്റെ വീട്ടിലേയ്ക്ക് വരുന്ന ഒരുവന്റെ അഗ്നിയെ സ്വാന്തനിപ്പിയ്ക്കുമ്പോൾ പുത്രനും പശുവും ആശയും പ്രതീക്ഷയും സംഗതവും സൂനൃതവും രക്ഷിയ്ക്കപ്പെടുന്നു എന്നവർ വിശ്വസിച്ചു. സനാതന ധർമ്മികളായ നമ്മൾ ഈ യജ്ഞരൂപമായിരിയ്ക്കുന്ന ധർമ്മങ്ങളെ ….ദർശത്തെ .. പൗർണ്ണമാസത്തെ …നമ്മുടെ അന്തക്കരണത്തിന്റെ വിശുദ്ധിയ്ക്കായിക്കൊണ്ട് ഉൾക്കൊള്ളുകയും അതിന്റെ മീമാംസയെ അറിയാൻ ശ്രമിയ്ക്കുകയും അറിയിപ്പിയ്ക്കാൻ ശ്രമിയ്ക്കുകയും ഒക്കെ ചെയ്യുമ്പോൾ വിശുദ്ധമായ അന്തഃക്കരണത്തിൽ തമസ്സു മാറുകയും സത്വം വിളയാടുകയും ഈശ്വരഭാവം വരുകയും അറിഞ്ഞും അറിയാതെയും നാം ചെയ്യുന്ന കർമ്മങ്ങൾ ജഗദീശ്വരന് ആവശ്യമായി വരികയും ആ കർമ്മങ്ങളെ ജഗദീശ്വരൻ സ്വീകരിയ്ക്കുന്നതോടു കൂടി നാം ധന്യരായിത്തീരുകയും നമ്മുടെ ആഗ്രഹങ്ങളോ ചിന്തകളോ സാമാജികമായി മാറുകയും ഉത്തരക്ഷണത്തിൽ കാലവിളംബം ഇല്ലാതെ അവ സാധിതപ്രായം ആകുകയും ചെയ്യും എന്നാണ് പുർവ്വാചാര്യന്മാരുടെ മതം. (41.08 mts, )
സ്വജീവിതത്തിൽ പകർത്താൻ സ്വാമിജി ഉപദേശിയ്ക്കുന്നു…
ഇത് എനിയ്ക്ക് അറിയാവുന്ന വിധത്തിൽ ഞാൻ ഒന്ന് രൂപപ്പെടുത്തി പറഞ്ഞതാണ്. അതുകൊണ്ട് കേട്ട ഉടനെ നിങ്ങൾ വിശ്വസിയ്ക്കണ്ട. നിങ്ങള് ചിന്തിയ്ക്കുക. നല്ലപോലെ നിങ്ങളുടെ വിമർശ്യ കരണം ഉപയോഗിക്കുക. നന്നായി വിമർശിയ്ക്കുക. എന്നിട്ട് ഇതിന്റെ സാദ്ധ്യതാ ലോകങ്ങൾ ശരിയാണെങ്കിൽ അടുത്ത വർഷത്തെ ഈ പദ്ധതിയ്ക്കായി വരുമ്പോഴേയ്ക്ക് കുറച്ചൊന്ന് അനുഷ്ഠിച്ചു നോക്കുക. ഒരു ടെസ്റ്റ് ആയി. നിങ്ങളുടെ വാക്കും … നിങ്ങളുടെ മനസ്സും…നിങ്ങളുടെ പ്രവൃത്തിയും എല്ലാം (words not clear 42.01 mts) … എന്നിട്ട് നിങ്ങളെയും കുട്ടികളെയും നോക്കുക. ഈശ്വരാനുകൂല്യവും വിമർശ്യ കരണവും ഒരുമിച്ചു വരുന്ന വേളയിൽ നിങ്ങളുടെ ജീവിത നേട്ടങ്ങളുടെ പട്ടിക, ശാന്തിയുടെ നില, പ്രകൃതി നിങ്ങളോട് എങ്ങിനെ പെരുമാറുന്നു എന്നുള്ളത്. ….. ഇവയെല്ലാം പഠനീയമാക്കുക. നല്ലപോലെ… അത് നിങ്ങൾ ആധുനിക രീതിയിൽ തന്നെ അപഗ്രഥിച്ചു നോക്കിക്കോളൂ….. അതല്ല ശരി… കാരണം നിങ്ങൾ പോകുന്ന പന്ഥാവ് അതായത് കൊണ്ട് അങ്ങിനെ പറഞ്ഞതാണ്.
ശബ്ദപ്രമാണം
പ്രാചീനത അങ്ങിനെയല്ല… ആചാര്യനിൽ നിന്ന് ശിഷ്യനിലേയ്ക്ക്….. ശിഷ്യനിൽ നിന്ന് ശിഷ്യനിലേയ്ക്ക്…… വളരെ ശക്തമായി … ശബ്ദം കൊണ്ടു തന്നെ പ്രമാണമായി കടന്നു ചെല്ലുന്നതാണ്. അങ്ങിനെ പോന്നിരുന്നതുകൊണ്ട് ….. ബുദ്ധിയ്ക്ക് പലപ്പോഴും വിഭ്രമം വന്നിട്ടില്ല.
ഉറക്കം…
നമ്മളെ സംബന്ധിച്ചിടത്തോളം നമ്മുടെ കർമ്മങ്ങളും… പദ്ധതികളും അല്പം മാറിയാൽ നമ്മുടെ ഉറക്കം പോകും. ഉറങ്ങുന്നവർ ആധുനികരുടെ ഇടയിൽ കുറവാണ്. വൈദികി പറയുന്നത്….. ആറു മണിക്കൂറിൽ കുറയാതെ ഉറങ്ങണമെന്നാണ്. കൊച്ചുകുഞ്ഞുങ്ങൾ ആണെങ്കിൽ ഇരുപത്തിനാല് മണിക്കൂറിൽ ഇരുപത് മണിക്കൂറും ഉറങ്ങണം. ഉറക്കത്തിലാണ് വരാനിരിയ്ക്കുന്ന ദോഷങ്ങൾ ഒക്കെ ശാന്തമായി പോകുന്നത്.
കാളിദാസൻ
ഒരു തമാശ പറഞ്ഞാൽ നിങ്ങള് ഉൾക്കൊള്ളുമോ എന്നെനിയ്ക്കറിയില്ല. ഉറങ്ങാത്ത ഒരു മന്ത്രി കഴിഞ്ഞ വർഷം ശബരിമല സീസണിൽ കേരളീയരെ ഉറക്കാത്തതിന്റെ ഫലമാണ് ഇന്നു നാം അനുഭവിയ്ക്കുന്ന വരൾച്ച. ഒരുതുള്ളി വെള്ളമില്ല…വാഗമണ്ണും ഇടുക്കിയും ഒക്കെ മലമുകൾ കരിഞ്ഞുണങ്ങി നില്ക്കുകയാ….. ഡാമുകളിൽ എങ്ങും വെള്ളമില്ല. ഭരണാധികാരി ഉറങ്ങിയില്ലെങ്കിൽ വസന്തം നഷ്ടപ്പെടും. കാളിദാസനും മറ്റും ഇതൊക്കെ മനോഹരമായി എഴുതിയിട്ടുണ്ട്. ഉറങ്ങാതെ പ്രയത്നിച്ചു…. ഉറക്കമില്ലാത്ത രാത്രികളുടെ കഥ പറഞ്ഞു….. നിങ്ങൾ ഉറങ്ങണം… നിങ്ങൾ വിശ്വസിയ്ക്കുന്ന പലതിനും എതിരായിപ്പോയി ഞാൻ പറഞ്ഞതെങ്കിൽ എന്നോട് പൊറുക്കുകയും വേണം. എന്റെ അറിവില്ലായ്മയാണ് ഇതെന്ന് കരുതിയാൽ മതി. എനിയ്ക്ക് ഇഷ്ടം ഈ അറിവില്ലായ്മയാണ്. അറിവിനെ… …..ഇത്തരം അന്ധവിശ്വാസങ്ങളാണ് എനിയ്ക്ക് വഴിയും വെളിച്ചവും. അതുകൊണ്ട് ആലോചിച്ച് മാത്രം നിങ്ങൾ സ്വീകിരിച്ചാൽ മതി. നന്നായി ഉറങ്ങുക.
ഉറക്കമില്ലാതായാൽ…
ഉറക്കം കുറഞ്ഞാൽ രോഗങ്ങൾ ഉണ്ടാവും. ഉറക്കം കുറഞ്ഞാൽ അപകടങ്ങൾ ഉണ്ടാവും. ഉറക്കം കുറഞ്ഞാൽ ദുർന്നിമിത്തങ്ങൾ ഉണ്ടാവും. ആ സമയത്ത് നിങ്ങള് പോകുന്ന വഴിയ്ക്ക് ഒരപകടം ഈശ്വരൻ വരുത്തുകയില്ല….തെറ്റിദ്ധരിയ്ക്കണ്ട. ഉറക്കമില്ലാത്ത വേളയിൽ നിങ്ങളിലെ പ്രാജ്ഞൻ ഈശ്വരനുമായി ചേർന്ന് നടത്തും (word not clear)… ഏഷ സർവ്വേശ്വരഃ…. ഏഷ സർവ്വജ്ഞഃ … ഏഷോ അന്തഃര്യാമി… ഏഷ യോനിഃ… സർവ്വസ്യ പ്രഭ ആപ്യോഹി ഭൂതാനാം എന്ന് ഉപനിഷത്തുകൾ ഉദ്ഘോഷിക്കുന്നു…. ആ ചേതനയെ …. ശ്ലോകം ഒന്നും ചൊല്ലണ്ടെന്നാണ് വിചാരിച്ചിരുന്നത്. അറിയാതെ ചൊല്ലിപ്പോയതാണ്. കാരണം മലയാളത്തിൽ ആശയം മാത്രം പറഞ്ഞു പോയാൽ മതിയെന്നാണ് വിചാരിച്ചിരുന്നത്.
ബുദ്ധി വിഭ്രമം…
ആ ഈശ്വരൻ അപകടങ്ങളെ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ദുർനിമിത്തങ്ങളെ ഉണ്ടാക്കുകയാണ്…പരാജയങ്ങളെ സൃഷ്ടിയ്ക്കുകയാണ് ചെയ്യുന്നത് … ജീവിതമോഹങ്ങളെ തകർക്കുകയാണ് ചെയ്യുന്നത്. ഇത് രൂപാന്തരപ്പെടുന്നത് …. ഒന്ന്…ബുദ്ധി വിഭ്രമം ആ സമയത്ത് ഉണ്ടാകും… അത് ഹേതുവായി നിത്യ അനിത്യ വിവേകം നഷ്ടപ്പെടും. സമയം ഉണ്ടെങ്കിൽ അവസാനം പറയാമെന്നു പറഞ്ഞ …. കാര്യങ്ങളിൽ ഒന്ന് ബുദ്ധി വിഭ്രമമാണ്. (47.13 mts )
കുട്ടികളും ബുദ്ധിവിഭ്രമവും…. സംജ്ഞാ വിഭ്രമവും
കുട്ടികൾ ഒരു ഏഴാംക്ലാസ്സ് എട്ടാം ക്ലാസ്സ് ആകുമ്പോൾ ബുദ്ധി വിഭ്രമം തുടങ്ങും. ഇന്നത്തെ പഠിപ്പ് പഠിച്ചാൽ. നിത്യവും അനിത്യവും തിരിച്ചറിയാതെ വരും. വിവേകം നഷ്ടപ്പെടുക എന്നാണ് അതിന് പറയുക. ഈ സമയത്ത് ആധുനിക സൈക്കിയാട്രിസ്റ്റിന്റെ ഭാഷയിൽ….ചെറിയ മാനിയ തുടങ്ങും. സംജ്ഞാ വിഭ്രമം പതുക്കെ കേറി വരും. ഇന്ദ്രിയങ്ങൾക്ക് വിഷയങ്ങളെ തിരിച്ചറിയാനുള്ള കഴിവ് കുറയും. അച്ഛൻ അമ്മ സഹോദരങ്ങൾ ആഹാരപദാർത്ഥങ്ങൾ അതിന്റെ വ്യത്യസ്ഥതകൾ ….ശബ്ദ സ്പർശ രൂപ രസ ഗന്ധാദികൾ ഇവയൊക്കെ തെറ്റി മനസ്സിലാക്കാൻ തുടങ്ങും. ..(48.10 mts). അപ്പോൾ എടുത്തുചാട്ടം ഉണ്ടാവും. ഈ മാനിയ കൂടും. വിഭ്രമം കൂടുമ്പോൾ ഈ അറിവില്ലായ്മ കൊണ്ടും ഉറക്കം മാത്രമാവും (word ending not clear)… ഒന്നും ചെയ്യാൻ താല്പര്യമില്ലതെ കഫ ഉദ്ഭവമായ നിദ്രയിലേയ്ക്ക് വഴുതി വീഴും.
രാത്രി സ്വഭാവ പ്രഭാവ നിദ്ര vs കഫജനിദ്ര
രാത്രി സ്വഭാവ പ്രഭാവ നിദ്രയാണ് വേണമെന്ന് ഞാൻ പറഞ്ഞത്. അതാണ് സൗര ജീവികൾക്ക് അനിവാര്യമായത്. രാത്രി സ്വഭാവ പ്രഭാവ നിദ്രയ്ക്കു പകരം കഫജ നിദ്ര, രിഷ്ട നിദ്ര, ശരീര ശ്രമ ഭവ നിദ്ര, മനസ്സ്ശ്രമ ഭവ …. ഇങ്ങിനെയൊക്കെയുള്ള നിദ്രകൾ ഉണ്ടാവും… ആഗന്തുകീ നിദ്ര…. അണുക്കൾ കയറിക്കൂടിയിട്ട് ഉണ്ടാവും. അത്തരം നിദ്രകളാണ് സംഭവിയ്ക്കുന്നതെങ്കിൽ ഇത് കുറെക്കൂടി വർദ്ധിയ്ക്കും. അപ്പോൾ സംജ്ഞാ വിഭ്രമം ഹേതുവായി വിഷയങ്ങളെ അറിയേണ്ടതുപോലെ അറിയാതെ പോകും. അതിൽ അനേകം തെറ്റുകൾ ഉണ്ടാവും.
പുരോഗമന കലാ സാഹിത്യം …. മയ്യഴിപ്പുഴയുടെ തീരങ്ങൾ
ആധുനിക സാഹിത്യകാരന്മാർ ആധുനിക കലാകാരന്മാർ ഇവരൊക്കെ സമൂഹത്തിൽ ഉന്നതരാണെങ്കിലും, ഇവരിൽ പലരുടെയും കൃതികളും പലരുടെയും എഴുത്തുകളും സംജ്ഞാ വിഭ്രമം ഹേതുവായിട്ടുള്ളവയാണ്. സംജ്ഞാ വിഭ്രമം ഹേതുവായി വളരുന്ന യുവതലമുറയ്ക്ക് അത് ഹരമായി തീരും. കഴിഞ്ഞ തലമുറയിലെ പലരും മയ്യഴിപ്പുഴയുടെ തീരങ്ങളിൽ വായിച്ചപ്പോഴ് ആ പറയിലെ തുമ്പിയെ അന്വേഷിച്ച് പോയിട്ടുണ്ട്. അങ്ങിനെ അന്വേഷിച്ച് പോകുന്നത് സംജ്ഞാ വിഭ്രമം കൊണ്ടാണ്. സാഹിത്യത്തിലൂടെയും കലയിലൂടെയും…. അത് പിന്നീട് ബഹുമാന്യനായ മുകുന്ദൻ ഒരു യുവസമ്മേളനത്തിൽ ഒരു യുവാവ് കേറി ചോദിച്ചപ്പം പറഞ്ഞിട്ടുമുണ്ട്. ആ യുവാവ് രോഷാകുലനായി ചോദിച്ചത് നിങ്ങൾ കാരണം ഞങ്ങളുടെ തലമുറ കഞ്ചാവ് വലിച്ചു….കള്ള് കുടിച്ചു… സത്യ ധർമ്മാദികളിൽ നിന്ന് വ്യതിചലിച്ചു. നിങ്ങൾക്ക് എന്താണ് ഇതിനെക്കുറിച്ച് പറയാനുള്ളത്. (50.54 mts/59.23). അദ്ദേഹം പറഞ്ഞത് രസകരമായിരുന്നു. ഞങ്ങൾ സാഹിത്യകാരന്മാർ എഴുതുന്നത് അനുകരിയ്ക്കാനല്ല. ആസ്വദിയ്ക്കാൻ മാത്രമാണ്.
എം മുകുന്ദൻ, മുട്ടത്തു വർക്കി, പൊൻകുന്നം വർക്കി….
വൈദികി ഒരിക്കലും അങ്ങിനെ പറയില്ല. ആസ്വാദനവും അനുകരണവും രണ്ടാവുക എന്നത് അസാദ്ധ്യമാണ്. അതാണ് നിങ്ങളും ചെറുപ്പക്കാരും പഠിയ്ക്കേണ്ടത്. ആസ്വദിയ്ക്കുക എന്നാൽ കോശങ്ങൾ അനുഭവിയ്ക്കുക എന്നാണർത്ഥം. അനുഭവിയ്ക്കുക എന്നാൽ ജീവിതമായി തീരുക എന്നാണ് അർത്ഥം. അദ്ദേഹം ആ പറച്ചിലിൽ നിർത്തിയില്ല… അദ്ദേഹം അല്പം കൂടെ കടന്നു പറഞ്ഞു…. മുട്ടത്തു വർക്കിയുടെയും, പൊൻകുന്നം വർക്കിയുടെയും നോവലുകൾ വായിച്ച് പ്രേമിച്ച് ആത്മഹത്യ ചെയ്ത പെണ്ണുങ്ങൾ ഒരുപാടുണ്ടാവും. അദ്ദേഹത്തിന്റെ വാക്കുകളാണ് ഞാൻ ഉപയോഗിച്ചത്, പുറത്തുനിന്നല്ല. ഇതിന് കാരണം സംജ്ഞാവിഭ്രമമാണ്.
പുരാണങ്ങളുടെ മാഹാത്മ്യം….
സാഹിത്യവും കലയും എത്രത്തോളം സൗധങ്ങളായ സത്യങ്ങളെ, മർമ്മപ്രധാനങ്ങളായ ജീവിത ദർശനങ്ങളെ ….പുരാണങ്ങളുടെ മാഹാത്മ്യം അതാണ് … അതുണ്ടായിരുന്ന അവസ്ഥകളും അതാണ്…. ഉൾക്കൊള്ളുമ്പോൾ സംജ്ഞാ വിഭ്രമം ഇല്ലാതാവും… മാനിയയും depression-ഉം ഇല്ലാതാവും.
ഇച്ഛാവിഭ്രമം….
-ഭക്തിരസായനം
വീണ്ടും ഇച്ഛാവിഭ്രമം… മീരയും ഒക്കെ ഭക്തിയുടെ അത്യുന്നത സോപാനത്തിൽ ഇരുന്നതാണ്. മധുസൂദന സരസ്വതിയുടെ അഭിപ്രായത്തില് ഭക്തി ഒരു രസമാണ്. ഭക്തിരസായനത്തില് അദ്ദേഹം പറയും. അദ്ദേഹം ചോദ്യമാ ഉന്നയിയ്ക്കുന്നത്. വാത്സല്യം ക്രോധം ബീഭത്സം ഭയാനകം ഇവയൊക്കെ നിങ്ങൾക്ക് രസമാണ്. കരുണം …വാത്സല്യമല്ല….സോറി…കരുണം ബീഭത്സം ഭയാനകം ഇവയൊക്കെ നിങ്ങൾക്ക് രസമാണ്. ഇവയൊന്നും സുഖം തരുന്നത് അല്ല. ഇവയെ ഒക്കെ രസമായി കൊടുക്കുമ്പോൾ നിർവ്വേദമകുന്ന ഭക്തി എന്തുകൊണ്ട് രസമല്ല.
-ഇച്ഛാഭംഗത്തിൽ നിന്നുണ്ടാകുന്ന ഭക്തി
പണ്ഡിതവരേണ്യനായ സരസ്വതിജി തന്റെ പാണ്ഡിത്യ തലങ്ങളിൽ തന്നെ നിന്നുകൊണ്ട് ശക്തമായി ചോദിയ്ക്കുന്നതാണ് …വളരെ വിനയാന്വിതമായി …ഭക്തിരസായനത്തില്. ആ ഭക്തിയല്ല നാം ഇന്നു കാണുന്നത്. ഒരു ഇച്ഛാഭംഗത്തിൽ നിന്ന് രൂപാന്തരപ്പെടുന്നത്. മീരയുടെ ഭക്തി പോലല്ല അത്. ഒരുപക്ഷെ മീരയുടെ ഭക്തിയേക്കാൾ തിരച്ചുപോക്ക് ഇല്ലാത്തതാണ് ചൈതന്യന്റേത്. ആയിരം ആയിരം പണ്ഡിത വരേണ്യരെ തന്റെ ധിഷണ കൊണ്ട് തോല്പിച്ച പണ്ഡിതാഗ്രേസരനായ ചൈതന്യൻ … ഒരു തോർത്ത് മാത്രം ഉടുത്ത് തംബുരുവും ഏന്തി ഗാനമാലപിച്ച് കടന്നുപോകുമ്പോൾ അത് ചെറിയ കാര്യമല്ല. അത് ഭക്തിയാണ് (words not clear)… അത്തരം ഭക്തിയല്ല നാം പലപ്പോഴും ഇപ്പോൾ കാണുന്നത്. ഇച്ഛാഭംഗത്തിൽ നിന്നുണ്ടായതാണ്. ഒന്ന് ഇച്ഛിച്ചത് ലഭിയ്ക്കാതെ ഇരിയ്ക്കുമ്പോൾ … അതുവരെ ഇച്ഛിയ്ക്കാത്തതിലേയ്ക്കുള്ള പരിണാമം…. ഇന്നലെ വരെ വിശ്വസിയ്ക്കാത്തതും ഇഷ്ടപ്പെടാത്തതും ഇന്ന് ഇഷ്ടമായിത്തീരുക. ഇഷ്ടമുള്ളത് ഇഷ്ടമല്ലാതാവുക. ഇത് ഇച്ഛാവിഭ്രമമാണ്.
-ചേഷ്ട ആചാര വിഭ്രമം
ശൗചം മുതലായ ക്രിയകൾ ഇഷ്ടമല്ലാതെ വരിക …. ചേഷ്ട ആചാര വിഭ്രമം. ഇവയെല്ലാം ആധുനിക സമൂഹം ഇന്ന് പേറുകയാണ്. നിങ്ങളുടെ കൂട്ടായ്മയും നിങ്ങളുടെ ഒത്തൊരുമയും സമയം എനിയ്ക്ക് അനുവദിച്ചതിൽ കൂടുതലായെന്ന് തോന്നുന്നു. മരാദ്യയെ ഞാൻ ഉല്ലംഘിയ്ക്കുകയാണെന്ന് തോന്നുന്നു. ….സമയം …എന്നോട് പറഞ്ഞില്ല…എങ്കിലും ഞാനറിയണമല്ലോ… അതുകൊണ്ട് നിങ്ങളോട് പറയട്ടെ… ഇതിനെയെല്ലാം അവലംബിച്ച് നിങ്ങൾ വിമർശിയ്ക്കുകയും …ഉൾക്കൊള്ളാവുന്നത് നല്ലത്…(55.45 mts)
സ്വാമി ചിന്ദാനന്ദപുരിയുമായുള്ള ബന്ധം….
നിങ്ങളോടു പറഞ്ഞതിൽ നല്ലത് ഉണ്ട് എന്ന് നയിയ്ക്കുന്ന ആചാര്യന്മാരുമായി ആലോചിച്ച് ഉൾക്കൊള്ളാവുന്ന നല്ലത് ഉൾക്കൊള്ളുകയും ഞാൻ പറഞ്ഞതിൽ അബദ്ധങ്ങൾ ഉള്ളത്… നിഷ്ക്കരുണം തള്ളിക്കളയുകയും ചെയ്യേണമേ എന്ന് അപേക്ഷിച്ചുകൊണ്ട്… ഇവിടെ വരുവാൻ….കാരണം സ്വാമിജിയെ എനിയ്ക്ക് വളരെ ബഹുമാനമാണ്…പ്രായം കൊണ്ട് തെല്ല് വാത്സല്യമാണ്… അറിവിന്റെ കാര്യം കൊണ്ടാണ് ഞാൻ ബഹുമാനമെന്ന് പറഞ്ഞത്. പ്രായം എനിയ്ക്കാണ് വളരെ കൂടുതൽ…വളരെ വളരെ കൂടുതൽ … അതുകൊണ്ട് അദ്ദേഹത്തോട് ഒരു അകൈതവമായ വാത്സല്യം ഉണ്ട്… അദ്ദേഹം പറഞ്ഞുവെന്ന് പറഞ്ഞ് ആരെങ്കിലും വിളിച്ചാൽ വരാമെന്ന് ഞാൻ പറഞ്ഞുപോയി… അങ്ങിനെ സമ്മതിച്ചതാണ് ഇത്. മുമ്പ് ഒരു തവണയും അങ്ങിനെയാണ് ഉണ്ടായത്. അല്ലാതെ കോഴിക്കോട് വരാറില്ല. ഇത് രണ്ടാമത്തെ പ്രാവശ്യമാണ്. അടുത്ത തവണ വിളിയ്ക്കുമ്പോൾ…വിളിയ്ക്കുന്നു എങ്കിൽ … പൊതുവേദിയിൽ വേണ്ടാന്ന് എനിയ്ക്കൊരു അഭിപ്രായമുണ്ട്. ഏതെങ്കിലും ഒക്കെ വിഷയം പറയുമ്പോൾ മറ്റു സഭകളിൽ ആണെങ്കിൽ എനിയ്ക്കൊരു സന്തോഷമുണ്ട്… കാരണം ഒരു പൊതുസഭയോട് സംസാരിയ്ക്കാനുള്ള യോഗ്യത എനിയ്ക്കുണ്ടോ എന്ന്, എന്നും എന്റെ സംശയമാണ്. ഒന്ന് അവർക്ക് ഇഷ്ടപ്പെടുമോ എന്ന സംശയം. കാരണം ഞാനൊരു വല്ലാത്ത മൂരാച്ചിയാണ് … അതുകൊണ്ടാണ്. എനിയ്ക്ക് എന്നെക്കുറിച്ച് നന്നായി അറിയാം. ഞാൻ അതു പഠിയ്ക്കാനാണ് ഇഷ്ടപ്പെട്ടത്.
Small is Beautiful …….
ഒരു മൂരാച്ചി വന്ന് പറഞ്ഞ് നിങ്ങളുടെ ഉറക്കം കെടുത്തുക എന്നത് വേണ്ട എന്നുള്ളതുകൊണ്ട് ഒരു പൊതുവേദി ഒഴിവാക്കുന്നതാണ് നല്ലതെന്ന് എന്നും എനിയ്ക്ക് തോന്നിയിട്ടുണ്ട്. ഞാൻ അത് ഒഴിവാക്കുന്ന ആളും ആണ്. എന്നെ (57.37/59.23 mts) നിങ്ങൾ പൊതു വേദികളിൽ എങ്ങും കണ്ടിട്ടുണ്ടാവാൻ ഇടയില്ല. വളരെ ചെറിയ തലങ്ങളിലൂടെയാണ് …small is beautiful …. എന്നാണ് … അങ്ങിനെയല്ലേ….വളരെ ചെറുതാണെന്നാണ് …. അതുകൊണ്ട് അങ്ങിനെയുള്ള ഒരു സദസ്സിൽ ഒക്കെയാണെങ്കില് ….അത് കൂടുതൽ നല്ലതാണ്. എന്നിരുന്നാലും വന്നു…. നിങ്ങളോട് ഇത്രയും നേരം സംസാരിച്ചു…അതിലെ തെറ്റുകുറ്റങ്ങളെല്ലാം… എന്റേതാണ്… വല്ലപ്പോഴും ഒരു ചീത്തവിളിയ്ക്കണമെങ്കിലോ … ഒന്നു ശകാരിയ്ക്കണമെങ്കിലോ തല്ലണമെങ്കിലോ … എന്നെ ആവാം. നല്ലതു വല്ലതും ഞാൻ പറഞ്ഞുവെങ്കിൽ എന്റെയല്ല. എനിയ്ക്കതിന് ത്രാണിയില്ല എന്നെനിയ്ക്ക് അറിയാം. എന്റെ അച്ഛനമ്മമാരും എന്റെ ആചാര്യവര്യന്മാരും കനിഞ്ഞനുഗ്രഹിച്ച തലങ്ങളിൽ എത്രത്തോളം അവരുടെ അനുഗ്രഹമുണ്ടെന്ന് ഞാൻ പറഞ്ഞതിലെ തെറ്റും ശരിയും നിങ്ങൾക്കു ബോദ്ധ്യപ്പെടുത്തിത്തരും. തെറ്റുകൾ കൂടിയാൽ അനുഗ്രഹം ഇനിയും ആയില്ല എന്നു നിങ്ങൾക്കു ഉറച്ചു വിശ്വസിയ്ക്കാം, അവ നിങ്ങൾ അനുകരിയ്ക്കരുത്. ശരികൾ ഉണ്ടെങ്കിൽ അല്പ സ്വല്പ അനുഗ്രഹം ഒക്കെ ഉണ്ട്…. അത് പാരമ്പര്യത്തിന്റേതാണ് …നല്ലതാണ് എന്ന് നിങ്ങൾക്ക് വിശ്വസിയ്ക്കാം… സ്വീകരിയ്ക്കാം …ഹരി ഓം… (59.23 mts)
The End
Unique Visitors : 2,615
Total Page Views : 4,644